യു.എ.ഇ.യിലെ ഇന്ത്യക്കാരായ ബ്ലൂകോളർ തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി പദ്ധതിയുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ അവകാശികൾക്ക് നിലവിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന സാഹചര്യത്തിലാണ് പുതിയ ഇൻഷൂറൻസ് പദ്ധതിയെന്ന് കോൺസുലേറ്റ് അധികൃതർ പറഞ്ഞു. ലൈഫ് പ്രോട്ടക്ട് പ്ലാൻ എന്ന പേരിലാണ് പ്രവാസി തൊഴിലാളികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് ലൈഫ് ഇൻഷൂറൻസ് പദ്ധതി അവതരിപ്പിച്ചത്.
37 ദിർഹം വാർഷിക പ്രീമിയം അടച്ചാൽ അപകടത്തിലോ സ്വാഭാവികമായോ മരണപ്പെടുന്ന പ്രവാസിയുടെ ബന്ധുക്കൾക്ക് 35,000 ദിർഹം വരെ പുതിയ ഇൻഷുറൻസിലൂടെ സാമ്പത്തികസഹായം ലഭിക്കും. ആഗോളതലത്തിൽ 24 മണിക്കൂർ പരിരക്ഷയും നൽകുന്നുണ്ട്. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം വരെ സഹായം ലഭിക്കും. അപകടത്തിൽ ഭാഗികമായോ പൂർണമായോ അംഗവൈകല്യം സംഭവിച്ചാലും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. നിലവിൽ 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് ഗുണഭോക്താക്കാളാകാം. ഇൻഷുറൻസ് കവറേജ് മൂന്ന് പ്ലാനുകൾ ഉണ്ട്. 35,000 ദിർഹത്തിന്റെ പ്ലാനിൽ 37 ദിർഹമാണ് വാർഷിക പ്രീമിയം. 50,000 ദിർഹത്തിന്റെ കവറേജിന് 50 ദിർഹവും 75,000 ദിർഹമിന്റെ കവറേജിന് 72 ദിർഹവുമാണ് വാർഷിക പ്രീമിയം. ഗർഗാഷ് ഇൻഷൂറൻസ്, ഓറിയന്റ് ഇൻഷൂറൻസ് എന്നിവയുമായി ചേർന്നാണ് പദ്ധതി.
ലൈഫ് ഇൻഷുറൻസ് പ്ലാൻ മാർച്ച് ഒന്നിന് പ്രാബല്യത്തിലായിട്ടുണ്ട്. ഇൻഷുറൻസിന്റെ പരിധികളും മറ്റ് നിബന്ധനകളും സംബന്ധിച്ച് അതത് കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ 0527172944/0526167787 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. യു.എ.ഇയിലെ 35 ലക്ഷം ഇന്ത്യൻ പ്രവാസികളിൽ 65 ശതമാനവും ബ്ലൂകോളർ തൊഴിലാളികളാണ്. ഇവർക്ക് ജോലിചെയ്യുന്ന സ്ഥാപനം ആരോഗ്യ ഇൻഷൂറൻസും, ജോലിസ്ഥലത്ത് അപകടമോ, അപകമരണമോ സംഭവിച്ചാൽ ഇൻഷൂറൻസ് ആനുകൂല്യവും നൽകുന്നുണ്ട്. എന്നാൽ, സ്വഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികൾക്ക് നിലവിൽ നഷ്ടപരിഹാരത്തിന് പദ്ധതികളില്ല. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ 1513 മരണങ്ങളിൽ 90 ശതമാനവും സ്വാഭാവിക മരണമായിരുന്നുവെന്ന് കോൺസുൽ ജനറൽ സതീഷ് ശിവൻ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. പദ്ധതിയിൽ അംഗമാകുന്ന യു.എ.ഇ. തൊഴിൽവിസയുള്ള ആർക്കും ആഗോളതലത്തിൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.