ലോക കേരള സഭ സൗദി അറേബ്യയില്‍ നടത്തുന്നതിന് പിന്തുണ നൽകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചതായി എ.എം. ആരിഫ് എം.പി. ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ എം.പിയുമായി ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പിന്തുണ വാഗ്ദാനം ചെയ്തത്. കൂടാതെ റിയാദ് സീസണ്, ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘പ്രവാസി പരിചയ്’ വാരാഘോഷം, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം എന്നിവയാണ് ലോക കേരള സഭ സൗദിയിൽ നടത്തുന്നതിനുള്ള അനുമതി ലഭിക്കാൻ തടസ്സമായതെന്ന് വ്യക്തമാക്കിയ അംബാസഡർ സാഹചര്യം അനുകൂലമായാല്‍ സര്‍വ്വാത്മനാ കേരള സര്‍ക്കാരിന് ആവശ്യമായ പിന്തുണ നൽകുമെന്നും വ്യക്തമാക്കി.
അതേസമയം കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. റിയാദില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആവശ്യമാണ്. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇത്ന കൂടാതെ യതന്ത്രതലത്തില് ആവശ്യമായ ഇടപെടല്‍ അംബാസഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു. എംബസിയിലെ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് കൂടുതല്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിന് ആവ്യമായ നടപടി സ്വീകരിക്കു, പിഴ ഉള്‍പ്പെടെ അടക്കാന്‍ നിര്‍വാഹമില്ലാതെ തടവില്‍ തുടരുന്ന പ്രവാസികളുടെ മോചനത്തിന് ഫണ്ട് വിനിയോഗിക്കുക, എന്നീ കാര്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കുന്നതിന് നിയന്ത്രണവും മാര്‍ഗനിര്‍ദേശവും നിലവിലുണ്ട്. ഇത് കാര്യക്ഷമമാക്കാനുളള ശ്രമം തുടരുമെന്നും എം.പി കൂട്ടിച്ചേർത്തു.
എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തന് ജോര്‍ജ്, സെക്കൻഡ് സെക്രട്ടറി മീണ, കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ് മേധാവി മൊയിന്‍ അക്തര്‍ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. മൈത്രി കരുനാഗപ്പളളി കൂട്ടായ്മയുടെ ‘കേരളീയം-2023’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയാതായിരുന്നു എം.പി. സംഘാടകരോടൊപ്പമാണ് അദ്ദേഹം അംബാസഡറുമായി കൂടിക്കാഴ്ച നടത്താനെത്തിയത്. ശിഹാബ് കൊട്ടുകാട്, റഹ്മാന് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പളളി, മുഹമ്മദ് സാദിഖ്, നിസാര്‍ പള്ളിക്കശ്ശേരില് എന്നിവരും പങ്കെടുത്തു.