ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശംസ നേർന്ന് അംബാസഡർ എച്ച്.ഇ. സഞ്ജയ് സുധീർ. യുഎഇയെ തങ്ങളുടെ രണ്ടാം ഭവനമായി സ്വീകരിച്ച 3.5 ദശലക്ഷം ഇന്ത്യക്കാർക്ക് ആശംസ നേരുന്നതായും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം നിലവിലുള്ളതിനേക്കാൾ കൂടുതൽ ദൃഢമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പ്രധാനശക്തികേന്ദ്രമായ യുഎഇയുടെ പ്രവർത്തനങ്ങൾ വിസ്മരിക്കാനാകില്ല. ഇന്ത്യ-യുഎഇ ബന്ധം അംഗീകരിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പല രാജ്യങ്ങളും അനുകരിക്കാൻ ശ്രമിക്കുന്ന രീതിയിലേയ്ക്ക് വളർന്നുകഴിഞ്ഞു. 2023 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി സന്ദർശനവും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനുള്ള പ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതും രണ്ട് രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതും അബുദാബിയിലെ പ്രശസ്തമായ ഐഐടി ഡൽഹിയുടെ കാമ്പസ് സ്ഥാപിക്കുന്നതും എല്ലാം ഇരുരാജ്യങ്ങളുടെയും ബന്ധം പ്രതിഫലിപ്പിക്കുന്നതാണെന്നും സഞ്ജയ് സുധീർ പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും യുഎഇയിലെ ജനങ്ങളും ഈ വർഷാവസാനം ഏറ്റവും പ്രധാനപ്പെട്ട ആഗോള സമ്മേളനമായ COP28ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി യുഎഇക്ക് ഇന്ത്യയുടെ ഭാഗത്ത്നിന്നുള്ള എല്ലാ പിന്തുണയും നൽകുന്നതായി സഞ്ജയ് സുധീർ പറഞ്ഞു.
ഇന്ത്യക്കാർക്ക് നിരവധി തൊഴിലവസരങ്ങളും മികച്ച ജീവിതസാഹചര്യവും വാഗ്ദാനം ചെയ്യുന്ന യുഎഇ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സെപ്തംബർ 9 മുതൽ 10 വരെ നടത്തപ്പെടുന്ന G20 നേതാക്കളുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്നും ഇതിന് യുഎഇയുടെ പൂർണ്ണപിന്തുണ ആഗ്രഹിക്കുന്നായും അദ്ദേഹം വ്യക്തമാക്കി.