തൊഴിലാളികളുടെ അനധികൃത റിക്രൂട്മെൻ്റ് തടയാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയായി. സന്ദർശക വിസക്കാരെ വച്ച് അനധികൃതമായി തൊഴിലെടുപ്പിക്കുക, ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുക എന്നീ കാര്യങ്ങൾ തടയുന്നതിന് ഇരു രാജ്യങ്ങളും ഊന്നൽ നൽകും.
തൊഴിൽ വിസയിൽ വരുന്ന ഇന്ത്യക്കാർക്ക് കരാർ പ്രകാരമുള്ള വേതനമോ ആനുകൂല്യങ്ങളോ നൽകാത്തത് പോലെയുള്ള പ്രശ്നങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിൽ നടന്ന സംയുക്ത സാങ്കേതിക സമിതിയുടെ ആദ്യ യോഗം ചർച്ച ചെയ്തു. ഇന്ത്യൻ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിച്ചു.
നിയമപരമായും സുരക്ഷിതമായും തൊഴിലാളികളെ എത്തിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന് യോഗം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഉഭയകക്ഷി ധാരണകൾ യുഎഇക്ക് ഗുണകരമാണെന്നും പരസ്പര സഹകരണം മെച്ചപ്പെട്ടെന്നും മാനവ വിഭവശേഷി അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി അറിയിച്ചു.
ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള കരാർ ലംഘനങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതോടൊപ്പം അവകാശങ്ങളും ചുമതലകളും തൊഴിലാളികളെ ബോധ്യപ്പെടുത്തും. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാകും തൊഴിലാളികളെ യുഎഇയിൽ എത്തിക്കുക. ജോലിക്കായി എത്തുന്ന ഇന്ത്യക്കാർക്ക് മാന്യമായ പരിഗണന നൽകും. തൊഴിൽ തർക്ക പരിഹാര സംവിധാനങ്ങൾ കാര്യക്ഷമമാക്കി തൊഴിലാളികൾക്കു കരാർ പ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കും. മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം വഴി തൊഴിൽ അവകാശങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ തൊഴിലാളികളെ ഇരു രാജ്യങ്ങളും ബോധവൽക്കരിക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് യുഎഇ ഇന്ത്യയ്ക്ക് നൽകിയത്.
നിയമപരമായ മാർഗത്തിലൂടെയാണ് തൊഴിലാളികൾ രാജ്യം വിടുന്നതെന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു.