2035 ഓടെ ഇന്ത്യൻ സ്‌പേസ് സ്റ്റേഷൻ നിർമിക്കാനുള്ള ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ ബഹിരാകാശ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനായി ചേർന്ന ഉന്നതലയോഗത്തിലാണ് മോദിയുടെ നിർദേശങ്ങൾ. 2040 ൽ ആദ്യമായി ഇന്ത്യക്കാരനെ ചന്ദ്രനിലയക്കണമെന്നും മോദി പറഞ്ഞു. ചാന്ദ്രയാൻ 3 ന്റെ വിജയം ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് പുത്തൻ ഉണർവ് നൽകിയതായും മോദി പറഞ്ഞു.
2040 ഓടെ ചന്ദ്രനിലേക്ക് ആദ്യ ഇന്ത്യക്കാരനെ അയക്കാൻ കഴിയണം’. മോദി പറഞ്ഞു. ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിനായുള്ള മാർഗരേഖ തയ്യാറാക്കും. ചാന്ദ്രയാൻ-3, ആദിത്യ എൽ1 ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബഹിരാകാശ സംരംഭങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, 2035ൽ ‘ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ’ (ഇന്ത്യൻ സ്‌പേസ് സ്റ്റേഷൻ) സ്ഥാപിക്കുന്നതുൾപ്പെടെ രാജ്യം ലക്ഷ്യം വയ്ക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
20 ഓളം പ്രധാന പരീക്ഷണങ്ങൾ, ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ (എച്ച്‌എൽവിഎം3) മൂന്ന് ആളില്ലാ ദൗത്യങ്ങൾ എന്നിവയും ലക്ഷ്യങ്ങളിലുണ്ട്. ക്രൂ എസ്‌കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്റെ ആദ്യ പ്രദർശന ഫ്ലൈറ്റ് ഒക്ടോബർ 21 ന് നടക്കും. ദൗത്യ അവലോകനം യോഗം വിലയിരുത്തി, മിഷൻ 2025 ൽ വിക്ഷേപിക്കും. ശുക്രൻ, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ ആരംഭിക്കാനും നരേന്ദ്ര മോദി ശാസ്ത്രജ്ഞർക്ക് നിർദേശം നൽകി.