സാംസ്കാരിക പരമായും വാണിജ്യപരമായി കുവൈത്തും ഇന്ത്യയും തമ്മിൽ അഭേദ്യമായ ബന്ധമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക. പുതിയ പദവിയുമായി ബന്ധപ്പെട്ട യോഗ്യത പത്രം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് മുൻപാകെയാണ് അദ്ദേഹം യോഗ്യതാ പത്രം സമർപ്പിച്ചത്. ചടങ്ങിൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ഡോ ആദർശ് നന്ദി പറഞ്ഞു.
ഗൾഫ് മേഖലയിൽ ഇന്ത്യയ്ക്കും കുവൈത്തിനും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധമാണുളളത്. കുവൈറ്റുമായുള്ള പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ സംരക്ഷണത്തിന് കുവൈത്തിൻ്റെ പങ്ക് നിർണായകമാണ്. സമാനമായി കുവൈത്തും ഇന്ത്യയും തമ്മിൽ ഭക്ഷ്യ വിതരണ മേഖലയിലും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. കോവിഡ് രൂക്ഷമായ സമയത്തെ പരസ്പപര സഹകരണവും ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടൽ പുനരുജ്ജീവിപ്പിക്കുന്നതിനാണ് അംബാസിഡർ എന്ന നിലയിൽ മുൻഗണന നൽകുകയെന്ന് ഡോ ആദർശ് സ്വൈക വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ശ്രമമുണ്ടാകും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 2021 ൽ 12.243 ബില്യൺ ഡോളറായിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.