സൗദിയിൽ റെസിഡൻസി – തൊഴിൽ നിയമങ്ങൾ ലംഘിച്ച 15,812 പേരെ ഒരാഴ്ച്ചയ്ക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമം ലംഘിച്ചവർ, അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചവർ, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചവർ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇതിൽ 9,801 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2,207 പേരെയും അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3,804 പേരെയുമാണ് അറസ്റ്റ് ചെയ്തത്. നിയമലംഘകരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധന നടത്തിവരുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ സാധിക്കും.