കുവൈത്തിൽ വാഹന സംബന്ധമായ സേവനങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യമാണ് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴി ലഭ്യമാക്കിയിരിക്കുന്നത്. ഗതാഗത സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വാഹന രേഖകൾ പുതുക്കൽ എന്നിവ ഇതോടെ മൊബൈൽ ആപ്പ് വഴി അതിവേഗം പൂർത്തിയാക്കാൻ സാധിക്കും. പൗരന്മാർക്കും വിദേശികൾക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ വിരൽതുമ്പിൽ ലഭ്യമാകും. ഫെബ്രുവരി ഒന്ന് മുതൽ വാഹന കൈമാറ്റ സേവനവും സഹൽ ആപ്പ് വഴി ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇ-ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ അപ്ലിക്കേഷനിൽ ഇതിനോടകം നിരവധി സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.