കൺമുന്നിൽ എന്ത് കണ്ടാലും ക്യാമറയിൽ പകർത്താൻ തയ്യാറായിരിക്കുന്നവർ ശ്രദ്ധിക്കുക. ഖത്തറിൽ അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് ഇനി മുതൽ പിടിവീഴും. ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത് ഖത്തറിലെ വ്യക്തി നിയമങ്ങളുടെ ലംഘനമായി കണക്കാക്കിയാണ് നടപടി സ്വീകരിക്കുക.
രാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്ക് പരമാവധി 2 വർഷം തടവും 10,000 റിയാൽ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം ഖത്തറിൽ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്ന് കയറുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.