യുഎഇയിൽ ഐഐടി ക്യാമ്പസ് സ്ഥാപിക്കുന്നതിന് നീക്കം. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങളുടെ ഉന്നതതല സംഘം ഈ മാസം അബുദാബി സന്ദർശിക്കും. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച IIT ഇന്നൊവേഷൻസ് പരിപാടിയില്‍ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധർമേന്ദ്ര പ്രധാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ തത്വത്തില്‍ അംഗീകാരം ലഭ്യമായിരുന്നു. അബുദാബിയിലായിരിക്കും ക്യാമ്പസ് പ്രവര്‍ത്തിക്കുക. പ്രാരംഭ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഐഐടികളുടെ വിദേശ വിപുലീകരണം അതിവേഗ പാതയിലാണെന്നും മലേഷ്യയിലെയും ടാൻസാനിയയിലെയും ക്യാമ്പസിനൊപ്പം അബുദാബി ക്യാമ്പസും ഒരു വർഷത്തിനകം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫസർ വി കാമകോടി വ്യക്തമാക്കി.
ഐഐടി കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിദഗ്ധ സമിതി നൽകിയ ശുപാർശ പ്രകാരം വിദേശ ഐഐടി കാമ്പസുകളിലെ 20 ശതമാനം വിദ്യാർത്ഥികൾ ഇന്ത്യക്കാരായിരിക്കും. ബാക്കി സീറ്റുകൾ പ്രാദേശിക വിദ്യാർത്ഥികൾക്കായി നീക്കിവയ്ക്കും.
വിവരസാങ്കേതികവിദ്യയും ആശയവിനിമയ സാങ്കേതികവിദ്യയും ഉപയോഗിച്ച് വളർച്ചയുടെയും വികാസത്തിൻ്റെയും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് െഎഎടികളെന്നും മേധാവികൾ സൂചിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ 23 ഐഐടികളുടെ 75 പ്രോജക്ടുകളാണ് അവതരിപ്പിച്ചത്.