ചിരി ആർക്കാണ് ഇഷ്ടമല്ലാത്തത്! നല്ല ചിരികൾ സമ്മാനിക്കുന്നതും നന്നായി ചിരിക്കാനും പലർക്കും ഇഷ്ടമാണ്. ഒരു ചിരിയോടുള്ള പ്രണയം യുവാവിന്റെ ജീവനെടുത്ത സംഭവമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കല്യാണത്തിന് തൊട്ടുമുന്‍പ് തന്റെ ചിരി നന്നാക്കണമെന്ന യുവാവിന്റെ ആഗ്രഹമാണ് അവന്റെ തന്നെ ജീവനെടുത്തത്. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജമാണ് (28) ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഹൈദരാബാദ് ഇന്റർനാഷനല്‍ ഡെന്റൽ ക്ലിനിക്കിലായിരുന്നു സംഭവം. മകന് അനസ്തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന് ആരോപിച്ചു.
ഫെബ്രുവരി 16നാണ് ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ അച്ഛന് പറഞ്ഞു.
ശസ്ത്രക്രിയയെ കുറിച്ച് മകന് തന്നെ അറിയിച്ചിരുന്നില്ല. മകന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് മകന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും അച്ഛന് ആരോപിച്ചു. സംഭവത്തില്‍ ക്ലിനിക്കിനെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.