യുഎഇയിലെ അബുദാബി എമിറേറ്റിൻ്റെ ഭാഗമായി ചേർന്നു കിടിക്കുന്ന ചരിത്ര പ്രധാനമായ ദ്വീപുകളിൽ ഒന്നാണ് ഡാൽമ ദ്വീപ്. കടലിൽ അൽ-ദന്ന പർവതത്തിന് വടക്കുപടിഞ്ഞാറായി 42 കിലോമീറ്ററും അബുദാബിയിൽ നിന്ന് 210 കിലോമീറ്ററും ദൂരെമാറിയുളള പ്രദേശം. ഏകദേശം 33 കിലോമീറ്റർ വിസ്തൃതിയാണ് ദ്വീപിനുളളത്. നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി വളരുകയാണ് ഡാൽമ ദ്വീപ്.
മുൻകാലങ്ങളിൽ ആഴക്കടൽ മുത്തുശേഖരങ്ങളുടേയും കച്ചവടത്തിൻ്റേയും കേന്ദ്ര സ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശമാണിത്. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിലിപിടിപ്പുളള മുത്തുകൾ തേടി വ്യാപാരികൾ ദ്വീപിലേക്ക് എത്താറുണ്ടായിരുന്നെന്നും ഇവിടെ സ്ഥിരമായ വിപണികൾ ഉണ്ടായിരുന്നുവെന്നും രേഖകൾ സൂചിപ്പിക്കുന്നു.
മുത്തുകളുടെ സീസൺ ആരംഭിക്കുന്നതോടെ ധാരാളം ആളുകൾ ഡാൽമ ദ്വീപിലേക്ക് എത്തിച്ചേരുക പതിവായിരുന്നു. ആധുനിക ഗവേഷകർ പ്രദേശത്തുനിന്ന് മുൻകാലത്തെ കെട്ടിടാവശിഷ്ടങ്ങളും ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ മൺപാത്രങ്ങളുടെ കഷണങ്ങൾ മറ്റും കണ്ടെത്തിയിട്ടുണ്ട്. എഡി ഏഴാം നൂറ്റാണ്ടുമുതൽ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതിൻ്റെ സൂചനകളും ചരിത്രരേഖകളിൽ പരാമർശിക്കുന്നു.
യു.എ.ഇയുടെ പൈതൃകം വ്യക്തമാക്കുന്ന “സിവിലൈസേഷൻ അണ്ടർലൈയിംഗ്” എന്ന പുസ്തകത്തിലും ഷാർജയിലെ ബ്രിട്ടീഷ് റസിഡൻ്റ് എന്ന പുസ്തകത്തിലും ദ്വീപിനെപറ്റിയുളള പരാമർശങ്ങൾ കണ്ടെത്താനാകും. ഈന്തപ്പനയോലകൾ കൊണ്ട് നിർമ്മിച്ച വീടുകൾ ദ്വീപിന് ചുറ്റും പരന്നുകിടന്നതായും അവരുടെ കപ്പലുകൾ മുത്തുകൾ തേടി അറബ് ഗൾഫിന് ചുറ്റും കറങ്ങിയിരുന്നതായതും രേഖകളിൽ കാണാം.
ദാൽമ ദ്വീപിൽ അൽ-ഖുബൈസത്ത്, അൽ-മസാരി, അൽ-മുഹറേബ, അൽ-മൊറൈഖാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ചില ആളുകളാണ് പരമ്പരാഗതമായി ദ്വീപിൽ താമസിക്കുന്നത്. അടുത്തിടെ പുതുക്കിപ്പണിത കെട്ടിടങ്ങളുടെ ഗ്രൂപ്പുകളിലൊന്ന് ദ്വീപിൽ പരമ്പരാഗതമായി താമസമാക്കിയ അൽ-മൊറൈഖി കുടുംബത്തിൽ നിന്നുള്ള ഒരു പ്രശസ്ത മുത്ത് വ്യാപാരിയുടേതാണ്.
ദ്വീപിൽ നിലനിന്നിരുന്ന രാഷ്ട്രീയ – വാണിജ്യ ബന്ധങ്ങളുടേയും ചരിത്ര പശ്ചാത്തലത്തിൻ്റേയും സാംസ്കാരിക പൈതൃകത്തിൻ്റേയും പ്രത്യേകതകൾ കണക്കിലെടുത്ത് വിവിധ പദ്ധതികൾ യുഎഇ നടപ്പാക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങൾ ദ്വീപിൽ പുരോഗമിക്കുകയാണ്.
വികസനപ്രവർത്തനങ്ങളുടെ ഭാഗമായി അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ദൽമ ദ്വീപ് സന്ദർശനം നടത്തുകയും യുഎഇ പൗരന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി മുതൽ ദ്വീപിലെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ വരെ വിലയിരുത്തി. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകാനുള്ള ഭരണ നേതൃത്വത്തിൻ്റെ താൽപ്പര്യവും ശൈഖ് ഹംദാൻ സ്ഥിരീകരിച്ചു.
حمدان بن زايد يتفقد عدداً من المشاريع في جزيرة دلما.. ويلتقي المواطنين#وام https://t.co/VwZkrYCIAb pic.twitter.com/d8GBM31dNj
— وكالة أنباء الإمارات (@wamnews) May 16, 2024
ഡാൽമ ദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് റോഡ് മാർഗവും ദോഭ് തുറമുഖത്തുനിന്ന് കപ്പൽമാർഗവും എത്തിച്ചേരാനാകും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് കപ്പലിനുള്ള സമയം. അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഡാൽമ ദ്വീപിലേക്ക് നോൺ-ഷെഡ്യൂൾഡ് ഫ്ലൈറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി യാത്ര ചെയ്യുന്ന ദിവസം രാവിലെ 8 മണിക്ക് എയർപോർട്ട് ഓഫീസിൽ യാത്രക്കാരൻ്റെ പേരും പാസ്‌പോർട്ട് നമ്പറും രജിസ്റ്റർ ചെയ്യണം.
എഴുത്ത് : ജോജറ്റ് ജോൺ