കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്ജന് ഡോ. വന്ദന കുത്തേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേയും ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഡോക്ടര്‍മാര്‍ ഇന്നും പ്രതിഷേധത്തിലാണല്ലേ എന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചോദിച്ചു. ഈ നടപടി ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ആശുപത്രിയില്‍ ജനങ്ങള്‍ കാത്തിരിക്കുന്നത് നോക്കൂ. അവര്‍ക്ക് നേരെ കണ്ണടക്കാനാവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. പൊലീസിന്റെ സാന്നിധ്യമുണ്ടായിരിക്കെ ഇത്തരമൊരു ആക്രമണം നടക്കുമ്പോള്‍, ഭയം ഉള്ളില്‍ വെച്ച് ആളുകള്‍ എങ്ങനെ തൊഴിലെടുക്കും. സര്‍ക്കാര്‍ നമുക്കൊപ്പമുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. നീതിക്കായി സൈബര്‍ ഇടം ഉപയോഗിക്കുന്നവര്‍ പ്രശ്നം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും’ ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
കോടതിയെ സൈബര്‍ ആക്രമണത്തിന് വിധേയമാക്കി ആനന്ദം കണ്ടെത്തുന്ന ഒരു ചെറിയ വിഭാഗമുണ്ടെന്ന് അറിയാം. എന്നാല്‍ ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമാണെന്ന് ദേവന് രാമചന്ദ്രന് പറഞ്ഞു. സൈബര്‍ യുദ്ധത്തിന്റെ പുതിയ രീതിയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരോ, അല്ലെങ്കില്‍ അതിനെ ഗൗരവമായി കാണുന്നോ ഇല്ലെന്നും കോടതി കേസ് പരിഗണിക്കവെ പറഞ്ഞു.
‘ഓരോ തവണയും ആക്രമണങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, അത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കും. അത് തെറ്റായിരുന്നുവെന്ന് നമ്മള് പറയണം. അതില്‍ രണ്ട് അഭിപ്രായം ഇല്ല. അതിനെ അപലിക്കണം. ഒരു കുടുംബവും നഗരവും വേദനിച്ചത് നമ്മള് ഇന്നലെ കണ്ടതല്ലേ. മുഴുവന്‍ ഗ്രാമവും അവിടെയുണ്ടായിരുന്നു. ഓരോ തവണയും നിങ്ങള്‍ ഇത് ന്യായീകരിക്കുമ്പോള്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഉത്തരവാദിത്വത്തിലിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഡോക്ടര്‍ക്കെതിരായ അതിക്രമം ലഘൂകരിക്കപ്പെടും, കൊവിഡ് കാലത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിരുന്നു. ഭയാനകമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നല്കിയിരുന്നില്ലേ. ഇത് ആവര്‍ത്തിക്കപ്പെടുന്നത് അനുവദിക്കാനാവില്ല,’ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.