തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിനി ഡോ.ഷഹ്നയുടെ മരണം സംബന്ധിച്ച കേസിൽ, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സിംഗിൾ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തിൽ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അതുണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹർജിയിൽ പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. ജാമ്യം നൽകുന്നതും അച്ചടക്ക നടപടിയായി ഏർപ്പെടുത്തുന്ന സസ്പെൻഷനിൽ ഇടപെടുന്നതും രണ്ടാണ്. അന്വേഷണം അവസാനിക്കുന്നതിനു മുൻപ് ഒരു വിദ്യാർഥിയെ പുനഃപ്രവേശിപ്പിക്കുന്നത് സാക്ഷികളെയും മറ്റും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥകൾ പോലും ലംഘിക്കാൻ ഇടയാക്കുമെന്ന് പ്രിൻസിപ്പൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ നേരത്തെ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാൻ അനുവദിക്കണമെന്നും അതിന് സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പഠനം വിലക്കിയ ആരോഗ്യസർവകലാശാല ഉത്തരവ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് സ്റ്റേ ചെയ്തു. ഈ ഉത്തരവിനെതിരെ പ്രിൻസിപ്പൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.