വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി എന്നു നിരീക്ഷിച്ച കോടതി ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ നിയമ സേവന അതോറിറ്റിയില്‍ അടയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവില്‍ പറയുന്നു.
ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയര്‍ത്തിയാണ് ഹൈക്കോടതി ഹര്‍ജി തളളിയത്. ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവെക്കാവൂ, മാർഗരേഖ പാലിക്കാതെയാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്നെല്ലാമായിരുന്നു ഹർജിയിലുണ്ടായിരുന്നത്.
മനുഷ്യനെ കൊന്നത് നിസാരമായ പ്രശ്‌നമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവും ശരിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നരഭോജി കടുവയെ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ വെടിവെച്ചുകൊല്ലാവൂ എന്നായിരുന്നു ഹര്‍ജിക്കാരായ അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റിയുടെ ആവശ്യം.അതേസമയം വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുകയാണ്.