കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിലിറങ്ങും. മകളുടെ വിവാഹം പരിഗണിച്ച് റിപ്പർ ജയാനന്ദന് പരോൾ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മാർച്ച് 21,22 തീയതികളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് ഹൈക്കോടതി പരോൾ അനുവദിച്ചിരിക്കുന്നത്.
പൊലീസ് അകമ്പടിയോടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക്കാൻ റിപ്പർ ജയാനന്ദന് കഴിയും. ജയാനന്ദൻ്റെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് പരോൾ ഉത്തരവിട്ടത്. ജയാനന്ദനൊപ്പം നിയോഗിച്ചിട്ടുളള പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇരട്ടക്കൊലപാതകം ഉൾപ്പെടെ ഏഴ് കൊലപാതക കേസുകളും മോഷണക്കേസുകളും ഇയാൾക്കെതിരേയുണ്ട്. 2010ൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും 2013ൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ഇയാൾ ചാടിയിട്ടുണ്ട്. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ജയാനന്ദൻ.
കേസിൽ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും സുപ്രീം കോടതി ഇളവ് നൽകിയിരുന്നു. അതേസമയം അഞ്ച് കേസുകളിൽ ഇയാൾ കുറ്റവിമുക്തനായെന്നും പൊലീസ് സൂചിപ്പിച്ചു. തൃശൂർ , എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ അതിക്രമങ്ങൾ.