പരിസ്ഥിതി വന്യജീവി സംരക്ഷണത്തിന് പേരുകേട്ട ദുബായ് സഫാരിപാര്‍ക്ക് പഠനവിധേയമാക്കാനൊരുങ്ങി ഹരിയാന. ദുബായ് സഫാരി പാര്‍ക്കും ഷാര്‍ജയിലെ സഫാരി പാര്‍ക്കും ഹരിയാനയിലടെ ടൂറിസം വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും.
യുഎഇയില്‍ നടക്കുന്ന വേൾഡ് ഗ്രീൻ ഇക്കണോമി ഉച്ചകോടിയിലും ഹരിത സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള അനുബന്ധ മന്ത്രിതല വട്ടമേശയിലും പങ്കെടുക്കാൻ ഹരിയാന മുഖ്യമന്ത്രിയുൾപ്പെടെ ഉന്നതതല സംഘം യുഎഇയില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ 1600 കിലോമീറ്റര്‍ നീളത്തില്‍ വ്യപിച്ചുകിടക്കുന്ന ആരവല്ലി മലനിരകളില്‍ അപൂര്‍വ്വ വന്യസമ്പത്തും പ്രകൃതിയുടെ കമനീയതയുമുണ്ട്. ഹരിയാനയിലുടെ കടന്നുപോകുന്ന മലനിരകൾ 80 ഇനം പക്ഷികൾ, 29 ഇനം ജലജീവികൾ, 57 ഇനം ചിത്രശലഭങ്ങൾ, 15 ഇനം സസ്തനികൾ, നിരവധി ഉരഗങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രമാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ വന്യജീവി വിഭവങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വിനിയോഗിക്കാൻ ഹരിയാനയ്ക്ക് കഴിഞ്ഞിട്ടില്ല.
യുഎഇയിലെ സഫാരി പാര്‍ക്കിന് സമാനമായ പദ്ധതികളും പ്രദേശത്തില്ല. അരവല്ലി പരിസ്ഥിതി ഇടനാഴിയില്‍ സഫാരിപാര്‍ക്ക് ആരംഭിച്ചാല്‍ പ്രകൃതി സംരക്ഷണത്തിനും ടൂറിസത്തിനും മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനേയും ധരിപ്പിച്ചിരുന്നു. ജംഗിൾ, ഡെസേർട്ട് സഫാരികളിലെ യുഎഇയുടെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഹരിയാനയിലും പദ്ധതി നടപ്പാക്കാനാണ് നീക്കം.