കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ആഘോഷമാണ് ഓണം. കാരണം മലയാളികൾ ഇല്ലാത്ത ഒരു രാജ്യം പോലും ഈ ലോകത്തില്ല. അതേസമയം ഗൾഫ് രാജ്യങ്ങളെ മറ്റൊരു കേരളമെന്നാണ് വിശേഷിപ്പിക്കാറ്. പ്രവാസ ലോകം പൊന്നോണത്തിനായുള്ള തകൃതിയായ ഒരുക്കത്തിലാണ്. പച്ചക്കറി, വാഴയില, പൂക്കൾ തുടങ്ങി ഓണ വിപണി ലക്ഷ്യമിട്ടുള്ള വിഭവങ്ങൾ കേരളത്തിൽ നിന്ന് വരും ദിവസങ്ങളിൽ കടൽ കടന്ന് ഗൾഫിലേക്ക് പോകും. ഗൾഫിലെയും കേരളത്തിലെയും മൊത്ത വ്യാപാരികൾ സാധനങ്ങൾ കയറ്റി അയയ്ക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണെന്നാണ് സൂചനകൾ.
ചേമ്പ്, ചേന, ഏത്തക്കായ,കാച്ചിൽ, വെള്ളരി എന്നിവയടക്കം പെട്ടെന്ന് കേടു വരാത്ത പച്ചക്കറികളുമായുള്ള കണ്ടെയ്നർ തിങ്കളാഴ്ച കൊച്ചി തുറമുഖത്ത് നിന്ന് ഗൾഫിലേക്ക് കപ്പൽ കയറും. 21ന് സാധനങ്ങൾ ദുബായ് കടപ്പുറത്ത് എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അധികം ദിവസം ഇരിക്കാത്ത പച്ചക്കറികൾ വിമാനം കയറിയാണ് ഓണ സദ്യ ഒരുക്കാൻ എത്തുന്നത്. അതേസമയം ഇത്തവണ പച്ചക്കറികൾ കയറ്റി അയയ്ക്കാൻ ചാർട്ടേഡ് വിമാന സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഗൾഫ് വിപണിയിലേക്ക് മാത്രമായി എത്തുന്നത് ഏകദേശം 2200 ടൺ ഓളം പച്ചക്കറികളാണ്. ഇതിൽ 60 ശതമാനവും യുഎഇയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഓണ സദ്യയുടെ തനിമ ഒട്ടും ചോരാതെ ആണ് ഓണ സദ്യ വിമാനം കയറുന്നത്.
ഇത്തവണ കേരളത്തിൽ വിറ്റഴിയുന്നതിന്റെ അത്ര തന്നെ പച്ചക്കറികൾ ഗൾഫിലും വിറ്റു പോകുമെന്നാണ് വിലയിരുത്തുന്നത്. 2200 ടൺ പച്ചക്കറിയെന്നാൽ റെക്കോർഡ് കയറ്റുമതിയാണ്. ഇതിൽ 2150 ടൺ പച്ചക്കറിയും ഗൾഫിലെത്തിക്കുന്നത് ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. മറ്റ് മൊത്ത ക്കച്ചവടക്കാർ ചേർന്ന് 50 ടൺ പച്ചക്കറി എത്തിക്കും.