ബോളിവുഡ് താരദമ്പതികൾ ആലിയ ഭട്ടിനും രൺബീർ കപൂറിനും ഇന്ന് മകൾ പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 നാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെയോടെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞങ്ങളുടെ മകൾ എത്തി. അതീവ സന്തോഷത്തിലാണെന്നും അവളൊരു മാജിക്കൽ കുഞ്ഞാണെന്നും ആലിയയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇരുവരും കുറിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ, 2022 ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം.
അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും രൺബീറിൻ്റെയും ഒടുവിൽ ഇറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രഹ്മാസ്ത്ര.
ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, മത്തിയാസ് ഷ്വീഗോഫർ, സോഫി ഒക്കോനെഡോ എന്നിവർക്കൊപ്പം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ അടുത്ത സിനിമ. രൺവീർ സിങ്ങിനൊപ്പം കരൺ ജോഹറിൻ്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയും അടുത്ത വർഷം പുറത്തിറങ്ങും.
രൺബീർ കപൂർ രശ്മിക മന്ദാനയ്ക്കൊപ്പം ആനിമൽസിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ശ്രദ്ധ കപൂറിനൊപ്പമുള്ള ലവ് രഞ്ജനെന്ന അടുത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗും പുരോഗമിക്കുന്നുണ്ട്.