ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം പതിച്ചത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ബലൂൺ. രണ്ടാം റൺവേയ്ക്ക് സമീപമാണ് ബലൂൺ പതിച്ചത്. ബലൂൺ പറന്നുവരുന്നത് വാച്ച് ടവർ, സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല. റൺവേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂൺ കണ്ടത്.
ഈ സമയത്ത് വിമാനങ്ങളൊന്നും ലാൻഡ് ചെയ്യാത്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ബന്ധിച്ചിരുന്ന ഹൈഡ്രജൻ ബലൂണാണ് പറന്നെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. അത്രയും ശക്തിയോടെ കെട്ടിയ ബലൂൺ എങ്ങനെയാണ് പറന്നുവന്നതെന്നതിനെപ്പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ബലൂൺ വീണ വിവരം ലഭിച്ചയുടൻ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കുതിച്ചെത്തി കൂറ്റൻ ബലൂൺ നീക്കം ചെയ്തു. ബലൂൺ യഥാസമയം കണ്ടെത്തി നീക്കം ചെയ്തതിനാൽ വിമാന സർവ്വീസുകൾക്ക് തടസ്സമുണ്ടായിട്ടില്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.