ആകാശത്തിലേക്ക് ഉയർന്നിരിക്കുന്ന കൊമ്പുകളും ഭൂമിയെ ആലിംഗനം ചെയ്തിരിക്കുന്ന വേരുകളും. പണ്ട് ഒരു മരമായിരുന്നെങ്കിലും കാലാന്തരത്തിൽ വലിയൊരു സിംഹാസനമായി മാറിയിരിക്കുകയാണ്. ദുബായിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലെ ഗ്രീൻ സോണിലാണ് വൻമരത്തിൽ പണിതെടുത്ത ഈ സിംഹാസനം ശ്രദ്ധേയമാവുന്നത്.
ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽനിന്നെത്തിച്ച മരമുത്തശ്ശനെ മിനുക്കിയെടുത്താണ് സിംഹാസനം നിർമ്മിച്ചത്. വെറും സിംഹാസനമല്ല, സമാധാനത്തിൻ്റെ സിംഹാസനമെന്ന പേരുമിട്ടു. 150 വർഷം പഴക്കമുളള മരമാണ് ശിഖിരങ്ങളും വേരുകളും ഒഴിവാക്കാതെ പൂർണരൂപത്തിൽ സിംഹാസനത്തിൻ്റെ നിർമ്മിതിക്കായി എത്തിച്ചത്. 500 സെൻ്റിമീറ്റർ വീതിയും 700 സെൻ്റിമീറ്റർ വ്യാപ്തിയും 550 സെൻ്റിമീറ്റർ ഉയരവുമുളളതാണ് ഒറ്റത്തടിയിലെ ഈ നിർമ്മിതി. കലാകാരനായ ഷെയ്ക്ക് അലി അൽമുല്ലയുടെ ഡിസൈനിലാണ് സമാധാനത്തിൻ്റെ സിംഹാസനം പൂർത്തിയായത്.
ഷാർജയിലെ വർക്ക് ഷോപ്പിൽ 9 കലാകാരൻമാർ 15000 മണിക്കൂറുകളാണ് നിർമ്മാണത്തിനായി ചിലവഴിച്ചത്. മരത്തടിയുടെ തനിമ നിലനിർത്തി ഭംഗി കൂട്ടുകയായിരുന്നു ആദ്യപടി. പിന്നീട്, പെയിൻ്റുകളും ഫൈബർ ഗ്ലാസുകളും ഉപയോഗിക്ക് അഴക് വർദ്ധിപ്പിച്ചു. കൂടുതൽ കാലം ഈടുനിൽക്കുന്നതിനായി മരത്തൊലിയിലുൾപ്പടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഇരിപ്പിടവും പടവുകളും സജ്ജമാക്കി. സിംഹാസനം സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഹൈഡ്രോളിക് ക്രെയിനും ചക്രങ്ങളും ഘടിപ്പിച്ചു.
പ്രകൃതിയുടെ ശക്തിയും സൌന്ദര്യവും നിലനിൽപ്പും വ്യക്തമാക്കുന്നതാണ് സിംഹാസനം.വൻ മരത്തിന് കാലന്തരത്തിലുണ്ടായ മാറ്റം പുതിയ ജീവിതമാണ് നൽകുന്നതെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കലാസൃഷ്ടി. ഓരോ പരിണാമവും പ്രകൃതിയുടെ സവിശേഷതയാണെന്നും സമാധാനത്തിൻ്റെ സിംഹാസനം കോപ്- 28 വേദിയിലെത്തുന്ന സന്ദർശകരെ ഓർമ്മിപ്പിക്കുന്നു. ഇതിനകം ഗ്രീൻ സോണിലെ പ്രധാനപ്പെട്ട ഫോട്ടോ സ്പോട്ടുകൂടിയായി മാറിയിട്ടുണ്ട് ഈ സിംഹാസനം.