ജിസിസി റെയിൽവേ പദ്ധതി 2030 ഡിസംബറിൽ യാഥാർത്ഥ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. മസ്കത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ ഗതാഗത, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറി സമിതിയുടെ 25-ാം യോഗത്തിലാണ് പദ്ധതിയുടെ ഓരോഘട്ടവും നടപ്പാക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള തിയതിക്ക് അംഗീകാരം നൽകിയത്. 25 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള യാത്രാ അകലം കുറയും.
ജിസിസി റെയിൽവെ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കി പല സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. യുഎഇയും സൗദിയുമാണ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ഏറെദൂരം മുന്നോട്ടുപോയിരിക്കുന്നത്. യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചിരുന്നു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീ പൂർത്തിയായിട്ടുണ്ട്.
സുഹാർ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിന് ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്തമായി സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി നടത്തിവരികയാണ്. ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും കുവൈത്തിന്റെ റെയിൽവെ ട്രാക്ക് രൂപകൽപനയും ബഹ്റൈനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.