രാജ്യത്ത് വെളുത്തുള്ളിയുടെ വില കുത്തനെ ഉയരുകയാണ്. വെളുത്തുള്ളി വില കിലോഗ്രാമിന് 550 രൂപ പിന്നിട്ടു. കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും മൂലം ഉൽപന്നവരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണം.
ഈ വെളുത്തുള്ളിയുടെ വിലക്കയറ്റം മുതലാക്കി വൻതോതിൽ വെളുത്തുള്ളി ചാക്കുകൾ മോഷണം പോകുന്നുവെന്നാണ് കർഷകരുടെ പരാതി. മധ്യപ്രദേശ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് കർഷകരുടെ തോട്ടങ്ങളിൽ നിന്നുമുള്ള വെളുത്തുള്ളി മോഷണം പതിവായിരിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, യുപി രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി കൂടുതലും എത്തുന്നത്.
വിളവെടുപ്പ് കഴിഞ്ഞ് വിപണിയിൽ എത്തിക്കാനായി സൂക്ഷിച്ചുവച്ചിരുന്ന അഞ്ച് ചാക്ക് വെളുത്തുള്ളിയാണ് ഉജ്ജയിനിൽ നിന്ന് കഴിഞ്ഞ ദിവസം
മോഷണം പോയത്. രാത്രി പത്തു മണിവരെ കർഷകർ കൃഷിയിടത്തിൽ കാവൽ നിന്നിരുന്നുവെങ്കിലും അർദ്ധരാത്രിയോടെയാണ് മോഷണം പോയത്. അഹമ്മദാബാദിൽ നിന്നും മൊത്തവിപണിയിൽ 35,000 രൂപ വിലവരുന്ന 140 കിലോഗ്രാം വെളുത്തുള്ളിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.