ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. മൂന്നാം ലോക കിരീടം ലക്ഷ്യമിട്ട് അർജന്റീനയും ഫ്രാൻസും ഇന്നിറങ്ങും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30 ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
തുടര്‍ച്ചയായ രണ്ടാം കിരീടമാണ് തന്നെയാണ് ഫ്രഞ്ച് പടയുടെ ലക്ഷ്യം. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാൻസ് ലോകകിരീടം ചൂടിയത്.
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയാകട്ടെ വിരമിക്കുകയാണ്. ഇനി നേടാനുള്ളത് ലോകകപ്പ് കിരീടം മാത്രം. മെസ്സിക്കായി ലോക കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അർജൻ്റീന ഇന്ന് ഇറങ്ങുക.
ആകെ മൂന്ന് ലോകകപ്പുകളിലാണ് അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അതില്‍ രണ്ടു തവണയും അര്‍ജന്‍റീനയ്ക്കായിരുന്നു ജയം. ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലാണ് ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ മത്സരിച്ചത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്‍റീന ജയിച്ചു.
പിന്നീട് 1978 ലോകകപ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം. ആ കുതിപ്പ് തുടര്‍ന്ന ടീം ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ കീഴടക്കി ആദ്യമായി ലോകചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.