സുൽത്താൻ ഹൈതം ബിൻ താരിക് ഒമാൻ്റെ ഭരണാധികാരിയായി ചുമതലയേറ്റിട്ട് ഇന്ന് നാല് വർഷം. വാർഷിക ദിനത്തിൽ സുൽത്താന് വിവിധ ഭരണാധികാരികൾ ആശംസകൾ അറിയിച്ചു. സ്ഥാനാരോഹണ വാർഷികത്തിൻ്റെ ഭാഗമായി അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു.
ഭരണത്തിന്റെ ആദ്യ നാൾ മുതൽ രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിച്ച സുൽത്താൻ പൗരൻമാർക്ക് സേവനങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിൽ അതീവശ്രദ്ധ ചെലുത്തിയിരുന്നു. സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സുൽത്താന്റെ നേതൃത്വത്തിൽ മികച്ച പദ്ധതികളാണ് രാജ്യത്ത് ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് സ്ഥായിയായ പരിഹാരമാണ് സർക്കാർ പ്രധാനമായും ഇതുവഴ് ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങൾക്കുള്ള കുടിവെള്ള വിതരണ സേവന ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വകാൻ ഗ്രാമത്തിൻ്റെയും ജബൽ അൽ അബ്‌യദ് പ്രദേശത്തിന്റെയും വികസനത്തിന് സമയപരിധി നിശ്ചയിക്കാനും സുൽത്താൻ നിർദ്ദേശിച്ചു. യാത്രകൾ, ക്യാംപിങ്, സാഹസിക വിനോദസഞ്ചാരം എന്നിവക്കുള്ള രണ്ട് പ്രധാന കേന്ദ്രങ്ങളായി ഇവയെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങളുടെ ഫീസ് റദ്ദാക്കൽ, കുറക്കൽ, ലഘുകരിക്കൽ, ലയിപ്പിക്കൽ എന്നിവ ഉൾപ്പെട്ട വിലനിർണയ ഗൈഡിൻ്റെ കരട് മന്ത്രിസഭാ കൗൺസിൽ അംഗീകരിച്ചു.