ഒമാനിൽ ഫോർവീൽ വാഹനങ്ങളുടെ ഉടമസ്ഥവകാശം ഫാമിലി വിസയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ ഒരുങ്ങുന്നു. അനധികൃതമായി ഗതാഗതത്തിനും ചരക്ക് വിതരണത്തിനും വേണ്ടി പ്രവാസികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അതേസമയം വിദേശികൾക്ക് അവരുടെ കുടുംബം രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഫോർ വീൽ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയൽ ഓമൻ ട്രാഫിക് വിഭാഗം വ്യക്തമാക്കി.
അതേസമയം വാഹനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കില്ലെന്ന് ഉടമക്ക് തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവയുടെ പുതിയ രജിസ്ട്രേഷൻ റോയൽ ഒമാൻ പൊലീസ് തടയും. കഴിഞ്ഞ ദിവസം ഒരു പ്രവാസി പുതിയ ഫോർവീൽ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി റോയൽ ഒമാൻ പൊലീസ് ട്രാഫിക്ക് വിഭാഗത്തെ സമീപിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബം ഇവിടെ ഇല്ലാത്തതിനാൽ രജിസ്ട്രേഷൻ നടത്താൻ അധികൃതർ നിരസിച്ചു.
എന്നാൽ മാനേജർമാർ, ടെക്നീഷ്യൻമാർ, എൻജിനീയർമാർ തുടങ്ങിയ മറ്റ് സമാന പ്രത്യേക പ്രഫഷണൽ തസ്തികകൾ ജോലി ചെയ്യുന്ന പ്രവാസികളെ ഈ വിലക്ക് ഏർപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വ്യക്തികൾക്ക് അത്തരം വാഹനങ്ങൾ സ്വന്തമാക്കാനും രജിസ്റ്റർ ചെയ്യാനും അർഹതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഫോർവീൽ അല്ലെങ്കിൽ പിക്കപ്പ് ട്രക്ക് എന്നിവ പ്രവാസികൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ 35 റിയാൽ പിഴ ചുമത്തുമെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റം ആവർത്തിച്ചാൽ തുടർ നടപടികൾക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റുകയും ചെയ്യും.