മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ മികച്ച നൂറ് അറബ് കുടുംബ ബിസിനസുകളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയില്‍ ഇടം പിടിച്ചതില്‍ കൂടുതലും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള കുടുംബ ബിസിനസുകളാണ്. 100 കുടുംബ ബിസിനസുകളില്‍ 34 എണ്ണം സൗദി അറേബ്യയില്‍ നിന്നും 28 എണ്ണം യുഎഇയില്‍ നിന്നും ഏഴ് ബിസിനസുകള്‍ വീതം ഖത്തറില്‍ നിന്നും കുവൈറ്റിൽ നിന്നുമാണ്.
മിഡില്‍ ഈസ്റ്റിലെ കുടുംബ ബിസിനസുകള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. പട്ടികയിലുള്ള കുടുംബ ബിസിനസുകളില്‍ 2000 ത്തിന് ശേഷം സ്ഥാപിതമായവ ആറെണ്ണം മാത്രമാണ്. മാത്രമല്ല, പരമ്പരാഗത മേഖലകളായ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകള്‍ കൂടാതെ വളര്‍ന്നുവരുന്ന വ്യവസായങ്ങളിലേക്കും മിഡില്‍ ഈസ്റ്റേണ്‍ കുടുംബ ബിസിനസുകള്‍ വ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറം ആഗോള തലത്തില്‍ ബിസിനസ് വ്യാപിപ്പിച്ചു. മാത്രമല്ല, ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ക്കും സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും അനുസരിച്ചുള്ള പരിവര്‍ത്തനങ്ങളുമാണ് അറബ് കുടുംബ ബിസിനസുകളെ വിപണിയില്‍ സ്ഥാനം ഉറപ്പിച്ചതിന്റെ പ്രധാന കാരണം.