വിശുദ്ധ റമദാൻ മാസം വന്നെത്തി. പ്രാർത്ഥനയോടെ നോമ്പ് നോറ്റ് ലോകമെമ്പാടുമുള്ള ജനങ്ങൾ പുണ്യ റമദാൻ ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. നോമ്പുകാലത്ത് മികച്ച ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്ത് വീട്ടിരിക്കുകയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം. നോമ്പ് തുറക്കുന്ന വേളയിലും അത്താഴത്തിനും കഴിക്കേണ്ട കൃത്യമായ ഭക്ഷണ രീതിയെ കുറിച്ചാണ് അധികൃതർ വിശദീകരിച്ചിരിക്കുന്നത്.
നോമ്പ് തുറക്കുന്ന സമയം കഴിക്കേണ്ട ഭക്ഷണ പദാർഥങ്ങൾ
ഈത്തപ്പഴം, വെള്ളം, ഫ്രക്ടോസ് അടങ്ങിയ മറ്റു പഴങ്ങൾ എന്നിവയോടെയായിരിക്കണം നോമ്പ് തുറക്കുന്ന സമയങ്ങളിൽ ആദ്യം കഴിക്കേണ്ട ഭക്ഷണങ്ങളും പാനിയവും. വയറുവേദന തടയാൻ ഒരു കപ്പ് ഇളം ചൂടുവെള്ളം കുടിക്കുക. നമസ്കാരത്തിന് മുമ്പും ശേഷവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി വേണം നോമ്പ് തുറക്കേണ്ടത്. സൂപ്പ്, സലാഡുകൾ, പയർവർഗങ്ങൾ, അന്നജം, മാംസം എന്നിവ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കുക.
അത്താഴത്തിന് (സുഹൂർ)
നോമ്പ് ആരംഭിക്കുന്നതിന് ഏകദേശം അര മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക. അമിതമായി മധുരമുള്ള ജ്യൂസുകൾ ഒഴിവാക്കണം. 2.5 മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുക, നാരുകൾ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുക. പയർ, വാഴപ്പഴം, തൈര്, ഈത്തപ്പഴം തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.