ദുബായിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബായിക്ക് ഇന്ന് 15 വയസ്. ദുബായിൽ നിന്ന് ചെലവ് കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിനായി 2009-ലാണ് ഫ്ളൈ ദുബായ് എന്ന ബജറ്റ് എയർലൈൻ പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മുതൽ ദുബായിയുടെ വളർച്ചയിൽ എന്നും കരുത്തോടെ നിലനിൽക്കുകയാണ് എയർലൈൻ.
ദുബായിൽ നിന്ന് ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലേക്കായിരുന്നു ഫ്ളൈ ദുബായ് ആദ്യ യാത്ര നടത്തിയത്. ഇപ്പോൾ എയർലൈൻ ആരംഭിച്ചിട്ട് 15 വർഷം പിന്നിടുമ്പോൾ 125 നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന വിമാനകമ്പനിക്ക് നിലവിൽ 87 വിമാനങ്ങളാണ് സ്വന്തമായുണ്ട്. 50,000ലധകം ജീവനക്കാരും കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്.
യുഎഇയുടെ സമ്പദ്ഘടനക്കും വളർച്ചക്കും മുതൽ കൂട്ടാകുന്ന വിധത്തിൽ വളരാൻ ഫ്ളൈ ദുബായിക്ക് കഴിഞ്ഞെന്നും ഫ്ളൈ ദുബായ് ആരംഭിച്ച 90 പുതിയ റൂട്ടുകൾ യുഎഇയിൽ നിന്ന് നേരിട്ട് സർവീസില്ലാത്ത നഗരങ്ങളിലേക്കായിരുന്നുവെന്നും ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു. വരും വർഷങ്ങളിൽ സർവ്വീസുകൾ വിപുലപ്പെടുത്താൻ തന്നെയാണ് കമ്പനി അധികൃതരുടെ തീരുമാനം.