മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈ വിമാനത്താവളം അടച്ചിരുന്നു, അതിനാൽ തന്നെ യുഎഇയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഒന്നിലധികം വിമാനങ്ങൾ തിങ്കളാഴ്ച റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഇന്ന് (ഡിസംബർ 4 ന്) സർവ്വീസ് നടത്തേണ്ടിയിരുന്ന അബുദാബി- ചെന്നൈ യിലേക്കുള്ള രണ്ട് വിമാനങ്ങൾ (EY246/247, EY270/271) റദ്ദാക്കിയതായി എത്തിഹാദ് എയർവേസ് അറിയിച്ചു. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാനിരുന്നവർക്കായി ഡിസംബർ 5 ന് പകരം സർവീസ് നടത്തിയേക്കും.
റദ്ദാക്കിയ വിമാനങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാരെ എയർപോർട്ട് സ്റ്റാഫ് സഹായിക്കുമെന്നും “ചെന്നൈയിലെ കാലാവസ്ഥാ സാഹചര്യങ്ങൾ ഇന്നും നാളെയും പ്രദേശത്തേക്കുള്ള സേവനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന്” എയർലൈൻ വക്താവ് പറയുന്നു. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾ SMS വഴിയോ ഇമെയിൽ വഴിയോ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ അപ് ടു ഡേറ്റാണെന്ന് ഉറപ്പാക്കാൻ എയർലൈൻ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ദുബായ് ഇന്റർനാഷണലിൽ നിന്ന് (DXB) ചെന്നൈയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം (FZ-449) ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയിലെ പ്രതികൂല കാലാവസ്ഥ മൂലം ഫ്ലൈ ദുബായുടെ മടക്ക ഫ്ലൈറ്റ് FZ-450 റദ്ദാക്കി.