വേനൽ അവധി കഴിഞ്ഞ് മടക്ക യാത്ര തുടങ്ങിയ പ്രവാസികൾക്ക് തിരിച്ചടിയായി വിമാന വേഗത്തിൽ കുതിക്കുന്ന ടിക്കറ്റ് നിരക്ക്. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്ക് 25000 രൂപയ്ക്ക് മുകളിലാണ് യാത്രാ നിരക്കായി ഈടാക്കുന്നത്. അതേസമയം നാളെയും മറ്റന്നാളുമായി യാത്ര പുറപ്പെടുന്നവർക്ക് പോലും 1000 ദിർഹത്തിന് മേലെ ടിക്കറ്റിന് മാത്രമായി മുടക്കേണ്ടി വരും.
ഈ മാസം പകുതിയോട് കൂടി എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 2000 ദിർഹത്തിൽ തൊടും. കൂടാതെ ഓഫ് സീസണിൽ 10000 രൂപയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് 45000 രൂപയ്ക്ക് അടുത്ത് ചെലവാകുമെന്നാണ് കണക്ക്. അതേസമയം നാല് പേരുടെ കുടുംബമാണെങ്കിൽ രണ്ട് ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രമായി ചിലവാകും. രണ്ട് മാസത്തെ വേനലവധി കഴിഞ്ഞ് ഈ മാസം പകുതിയാകുമ്പോഴാണ് സ്കൂളുകൾ തുറക്കുക.
അതേസമയം ഈ മാസം അവസാനം ഓണമായതിനാൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം വർധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 15വരെ ഉയർന്ന നിരക്കിൽ തന്നെയാണ് ടിക്കറ്റുകൾ വിൽക്കുക. സെപ്റ്റംബർ മൂന്നാം വാരം മുതൽ നിരക്കിൽ അൽപമെങ്കിലും കുറവുണ്ട്. എന്നാൽ 10 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ലെയ് ഓവറുള്ള സർവീസുകളിൽ പോലും 37000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. മസ്കത്ത്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തി വിമാനം മാറി കയറി വരുന്നതിനാണ് യാത്രക്കാർ ഇത്രയും പണം മുടക്കേണ്ടത്.
അതേസമയം ഇത് സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിമാന കമ്പനികൾ. സീസണിൽ ഉയർന്ന നിരക്ക് വാങ്ങുന്നത് പോലെ തന്നെ സീസൺ അല്ലാത്തപ്പോൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്നാണ് വിമാന കമ്പനികൾ പറയുന്നത്. ഡിമാൻഡ് വർധിക്കുമ്പോൾ വില വർധിക്കുന്നത് സ്വാഭാവികമാണ്. ലോകത്ത് എല്ലായിടത്തും ഇതേ പോലെ തന്നെയാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും കമ്പനികൾ കൂട്ടിച്ചേർത്തു. കൂടാതെ ഡിമാൻഡ് കുറയുമ്പോൾ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആരും പറയാറില്ലെന്നും വിമാന കമ്പനികൾ വ്യക്തമാക്കി.