വലിയപെരുന്നാൾ കുടുംബത്തോടൊപ്പം നാട്ടിൽ ആഘോഷിക്കാനാണോ നിങ്ങളുടെ തീരുമാനം. എങ്കിൽ നല്ലൊരു തുക കയ്യിൽ കരുതിയേ മതിയാകൂ. കാരണം, പെരുന്നാൾ അവധി അടുത്തതോടെ ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുകയാണ് വിമാന കമ്പനികൾ.
വരുന്ന ദിവസങ്ങളിൽ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളിലെല്ലാം 150 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യ എക്സ്പ്രസിൽ മസ്‌കത്ത് – കൊച്ചി സെക്ടറിലേയ്ക്ക് 165റിയാലും, മസ്കത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിൽ 185 റിയാലും, തിരുവനന്തപുരത്തേക്ക് 205 റിയാലുമാണ് നിരക്കുകൾ. സലാം എയറിലും ഇൻഡിഗോയിലും ഏകദേശം ഇതേ നിരക്കുകൾ തന്നെയാണ്. അതേസമയം, ഒമാൻ എയറിൽ ഇതിലും മുകളിലാണ് വൺവേ ടിക്കറ്റിന്റെ നിരക്ക്.
സ്കൂൾ അവധി അവസാനിക്കുന്നത് ഓഗസ്റ്റിന്റെ തുടക്കത്തിൽ ആയതിനാൽ ജൂലൈ അവസാന വാരത്തിലും ആഗസ്റ്റിലും ഉയർന്ന നിരക്കാണ് മടക്ക യാത്രക്കായി കമ്പനികൾ ഈടാക്കുന്നത്. കുടുംബത്തിന്റെ ചെലവിനോടൊപ്പം ടിക്കറ്റ് നിരക്കും ഉയർന്നതോടെ പലരും പെരുന്നാളിന് നാട്ടിലേയ്ക്ക് പോകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ അത്യാവശ്യ യാത്രകൾക്ക് ഇതല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയിലാണ് പലരും.