യുഎഇയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് നിലവിലുള്ളത്. അനിയന്ത്രിതമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങൾ പ്രാബല്യത്തിലുള്ളത്. വിനോദ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ലൈസൻസ് നേടേണ്ടത് യുഎഇയിൽ നിർബന്ധമാണ്. എന്നാൽ ഒരോ എമിറേറ്റിലും ഓരോ നിയമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.
ദുബായ്
ദുബായ് മുനിസിപ്പാലിറ്റിക്കാണ് എമിറേറ്റിൽ മത്സ്യബന്ധന ലൈസൻസ് നൽകാനുള്ള ചുമതല. ലൈസൻസിൽ സൂചിപ്പിച്ചിരിക്കുന്ന ദുബായുടെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്താൻ അനുവദിക്കുന്ന ഒരു ലൈനും ഹുക്കും മാത്രം ഉപയോഗിക്കാനുള്ള ലൈസൻസാണ് ലഭിക്കുക. എന്നാൽ, ദുബായ് നിവാസികൾക്ക് മാത്രമാണ് വിനോദ മത്സ്യബന്ധന ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുക.
ദുബായ് ക്രീക്കിലെ അൽ മംസാർ ക്രീക്ക്, അൽ മക്തൂം (ബർ ദുബായ് വശം മാത്രം), ക്രീക്ക് പാർക്ക്, അൽ ഗർഹൂദ് ബ്രിഡ്ജസ് (ദെയ്‌റ വശം മാത്രം), ജുമൈറ, ഉമ്മു സുഖീം, അൽ സുഫൂഹ് ബീച്ചുകളിൽ മത്സ്യബന്ധനം നടത്താൻ ഈ ലൈസൻസ് കൊണ്ട് നിവാസികൾക്ക് സാധിക്കും. ലൈസൻസ് നേടാൻ താൽപര്യമുള്ളവർക്ക് ദുബായ് മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴിയോ ദുബായ് നൗ ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാം.
അബുദാബി
അബുദാബി നിവാസികൾക്ക് രണ്ട് തരം വിനോദ മത്സ്യബന്ധന ലൈസൻസുകൾക്ക് അപേക്ഷിക്കാം. പ്രതിവാരവും വാർഷികവും എന്ന രീതിയിലാണ് ലൈസൻസ് അനുവദിക്കുക. ഈ രണ്ട് പെർമിറ്റുകളും പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ലഭിക്കും. അബുദാബിയിലെ പരിസ്ഥിതി ഏജൻസി വഴിയാണ് മത്സ്യബന്ധന ലൈസൻസുകൾക്ക് അപേക്ഷിക്കേണ്ടത്. TAMM പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
റാസൽഖൈമ
റാസൽഖൈമയിൽ വിനോദ ആവശ്യങ്ങൾക്കായി ലൈസൻസ് നൽകുന്നതിനുള്ള ഉത്തരവാദിത്തം പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റിക്കാണ്.
ഷാർജ
ഷാർജയിലെ താമസക്കാർക്ക് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ വെബ്‌സൈറ്റ് വഴി മത്സ്യബന്ധന പെർമിറ്റ് ലഭിക്കും.
ഫുജൈറ
ഫുജൈറയിൽ വിനോദ മത്സ്യബന്ധന ലൈസൻസ് ലഭിക്കുന്നതിന് ഫുജൈറ പരിസ്ഥിതി ഏജൻസി വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.