ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ സൗദി അറേബ്യ. സൗദിയുടെ സോളിവുഡിൽ നിന്നുള്ള ‘നോറ’യാണ് കാനിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സൗദി അറേബ്യൻ സംവിധായകൻ തൗഫീഖ് അൽ സെയ്ദിയുടെ ആദ്യ ഫീച്ചർ ഫിലിമായ നോറ പൂർണ്ണമായും സൗദിയിൽ ചിത്രീകരിച്ചതാണ്.
സൗദി അറേബ്യയിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന നിരക്ഷരയും അനാഥയുമായ ഒരു യുവതിയുടെ ജീവിത കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. 90കളിലെ സൗദിയുടെ സാമൂഹിക ജീവിത പശ്ചാത്തലത്തിലുള്ള കഥയാണ് സംവിധായകൻ സിനിമയിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. സൗദി താരം മറിയ ബഹ്റവിയും നടൻ യാക്കൂബ് അൽ ഫർഹാനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫെസ്റ്റിവലിൽ ‘അൺ സെർട്ടയിൻ റിഗാർഡ്’ വിഭാഗത്തിലാണ് നോറ ഉൾപ്പെട്ടിരിക്കുന്നത്. കാനിൽ അരങ്ങേറ്റം കുറിക്കുന്നതോടെ സൗദി സിനിമകൾ ലോകശ്രദ്ധ നേടുമെന്നും കൂടുതൽ ചിത്രങ്ങൾ വരും വർഷങ്ങളിൽ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമെന്നുമാണ് വിലയിരുത്തൽ.