മലീഹയിൽ നൂറുമേനി ഗോതമ്പ് വിളവെടുത്തതുപോലെ മലീഹയിൽ പുതിയ ഡെയറി ഫാമും തുറക്കുന്നു. പൂർണമായും ജൈവ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡയറി ഫാം ആയിരിക്കും മലീഹയെന്ന് അധികൃതർ പറഞ്ഞു. ജൂൺ മുതൽ ക്ഷീരസംഘം പാൽ ഉത്പാദിപ്പിക്കാൻ തുടങ്ങും.
ഫാമിലേക്കുള്ള ആദ്യസംഘം പശുക്കളെ ചൊവ്വാഴ്ച ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ആദ്യഘട്ടത്തിൽ ഡെൻമാർക്കിൽനിന്ന് 1000 അഷർ പശുക്കളെയാണ് ഇറക്കുമതി ചെയ്തത്. ആരോഗ്യത്തിന് ആവശ്യമായ എ2എ2 പ്രോട്ടീനുകളുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പാൽ നൽകുന്ന പശുക്കളാണിത്. പശുക്കൾക്കുവേണ്ട എല്ലാ സുരക്ഷയും നൽകുമെന്ന് കൃഷി, കന്നുകാലി വകുപ്പുമായി അഫിലിയേറ്റ് ചെയ്ത ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എൻജിനിയർ ഖലീഫ മുസാബ അൽ തുനൈജി പറഞ്ഞു. രാസവസ്തുക്കളില്ലാത്ത ജൈവ തീറ്റയായിരിക്കും പശുക്കൾക്ക് നൽകുക.
മനുഷ്യൻ്റെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾക്കും പോഷകമൂല്യങ്ങൾക്കും പേരുകേട്ട A2A2 പ്രോട്ടീൻ അടങ്ങിയ ഏറ്റവും മികച്ച പ്രകൃതിദത്ത പാൽ നൽകുന്ന ഈ പശുക്കളുടെ ആരോഗ്യവും ക്ഷേമവും നിലനിർത്താൻ ഒരു നടപടിയും ഒഴിവാക്കില്ലെന്ന് ഡോക്ടർ അൽ തുനൈജി ചൂണ്ടിക്കാട്ടി. “മ്ലീഹ ഡയറി ഫാമിൽ നിന്നുള്ള പ്രത്യേക ഓർഗാനിക് പാൽ അതിൻ്റെ പോഷകമൂല്യത്തിൽ യാതൊരു ഇടപെടലും കുറവും കൂടാതെ ശുദ്ധവും സ്വാഭാവികവുമായ രൂപത്തിൽ ഉപഭോക്താക്കളിലേക്ക് എത്തും “എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തി മലീഹ ഡയറി ഫാമിലെ പശുക്കളുടെ ചാണകം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റും. ഷാർജ ആരംഭിച്ച ഏറ്റവും പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് മലീഹാ ഡെയറി ഫാം.
എല്ലാ അന്താരാഷ്ട്ര നിലവാരങ്ങൾക്കും അനുസരിച്ചാണ് ഇവിടേക്കുള്ള പശുക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. പശുക്കളുടെ ആവാസവ്യവസ്ഥകൾ മനസ്സിലാക്കാനും അവയ്ക്ക് യാതൊരു ജനിതകമാറ്റവും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാനുമായി മൃഗഡോക്ടർമാരും സാങ്കേതികവിദഗ്ധരും അടങ്ങുന്ന സംഘത്തെ നേരത്തെതന്നെ ഡെൻമാർക്കിലേക്ക് അയച്ചിരുന്നുവെന്നും അൽ തുനൈജി വിശദീകരിച്ചു.