യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പുതിയ ചരിത്രം കുറിയ്ക്കാൻ ഒരുങ്ങുന്നു. ബഹിരാകാശത്ത് ചുവടുവയ്ക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഏപ്രിൽ 28നാണ് ആകാശ നടത്തം.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടേ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (ഇവിഎ) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇയെ മാറ്റും. ദൌത്യം ഏറ്റെടുക്കുന്ന അൽ നെയാദിക്ക് ശൈഖ് ഹംദാൻ ആശംസകളും നേർന്നു.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് ആറ് മാസം നീളുന്ന ദീർഘകാല ബഹിരാകാശ പദ്ധതിക്കായി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.പിന്നാലെയാണ് മറ്റൊരു ചരിത്രം കൂടി അൽ നെയാദി സ്വന്തമാക്കാൻ പോകുന്നത്.
ബഹിരാകാശ പരീക്ഷണങ്ങൾ നടത്താനും പുതിയ ഉപകരണങ്ങൾ പരീക്ഷിക്കാനും പുതിയ ഘടകങ്ങൾ നന്നാക്കാനോ ഇൻസ്റ്റാൾ ചെയ്യാനൊ മറ്റുമായി ബഹിരാകാശ സഞ്ചാരികൾ പേടകത്തിന് പുറത്തിറങ്ങുന്നത് സാധാരണമാണ്. സമ്മർദ്ദമുള്ള പ്രത്യേക സ്പെയ്സ് സ്യൂട്ടുകൾ ധരിച്ചുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ.കയറുകൾ പോലെയുള്ള സുരക്ഷാ ടെതറുകൾ ഉപയോഗിച്ച് പേടകവുമായുളള ബന്ധം നിലനിർത്തുകയും സുരക്ഷിതരാവുകയും ചെയ്യും.
ബഹിരാകശ സഞ്ചാരികൾക്ക് ആകാശ നടത്തത്തിനും പരിശീലനം നൽകാറുണ്ട്. മണിക്കൂറുകൾ നീണ്ട ഇത്തരം പരിശീലനം പൂർത്തിയാക്കിയ വ്യക്തിയാണ് സുൽത്താൻ അൽ നെയാദി. അതേസമയം 1998 മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 259 ബഹിരാകാശ നടത്തങ്ങൾ നടന്നിട്ടുണ്ടെന്നാണ് നാസയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.