പടക്കങ്ങളും കരിമരുന്ന് പ്രയോഗവും അതിഗുരുതര അപകടങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. വാർഷിക കാമ്പയിനിന്റെ ഭാഗമായാണ് നിയമവിരുദ്ധ പടക്കങ്ങളുടെ ഉപയോഗം സംബന്ധിച്ച് കർശന മുന്നറിയിപ്പുമായി പൊലീസ് വിഭാഗം രംഗത്തെത്തിയത്.
ആഘോഷങ്ങൾക്കും പ്രത്യേക പരിപാടികൾക്കും പരിശീലനം ലഭിച്ചവർ മാത്രം കൈകാര്യം ചെയ്യണമെന്നും സാധാരണ ജനങ്ങൾ ഇവയുടെ ഉപയോഗത്തിൽനിന്ന് അകന്നുനിൽക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പൊതു സുരക്ഷയെ കൂടി ബാധിക്കുന്നതിനാൽ വീഴ്ചവരുത്തുന്നവരിൽനിന്ന് വൻതുക പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം വെടിമരുന്ന് അപകടങ്ങളിൽ കൂടുതൽ പരുക്കേക്കുന്നത് മുഖത്തിനാണ്. കണ്ണുകൾക്ക് 15 ശതമാനവും മുഖത്തും ചെവിയിലും 16 ശതമാനവും നെഞ്ചിൽ 6 ശതമാനവും കൈത്തണ്ടയിൽ 10 ശതമാനവും പരിക്കുകൾ ഉണ്ടാകുന്നെന്നാണ് പൊലീസ് കണക്കുകൾ.
ജീവന് പുറമെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, സൈനിക ഉപകരണങ്ങൾ, അപകടകരമായ വസ്തുക്കൾ എന്നിവയെ സംബന്ധിച്ച ഫെഡറൽ നിയമത്തിൽ പടക്കങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഉപയോഗത്തിനും ക്രയവിക്രയത്തിനും ലൈസൻസും നിർബന്ധമാണ്.