കുവൈത്തിൽ മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. 3 വർഷം തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തപ്പെടുക. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
കുവൈത്തിലെ താമസ-തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് കർശന പരിശോധനകളാണ് രാജ്യത്ത് നടത്തിവരുന്നത്. ഹോട്ടൽ, അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തിലൂടെ ജനങ്ങളെ കുവൈത്തിൽ എത്തിച്ച് പണം ഈടാക്കി മറ്റൊരാൾക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.