ഫുട്ബോളിൽ എപ്പോഴും അവസാനവാക്കും നിയന്ത്രണവുമൊക്കെ റഫറിയാണ്. ഇത്തവണത്തെ ഫിഫ ലോകകപ്പിൽ അവസാന വാക്കാകാൻ വനിതാ റഫറിമാരെത്തുന്നുവെന്നത് വലിയ മാറ്റമാണ്. ചരിത്രത്തിൻ്റെ ഭാഗമായാണ് മൂന്ന് വനിതാ റഫറിമാരെത്തുന്നത്. കാരണം ഫുട്‌ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് ഈ താര റഫറിമാർ.
2009 മുതൽ തന്നെ ഫിഫ ഇൻ്റർനാഷണൽ റഫറിമാരുടെ പട്ടികയിലുള്ള ആളാണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിത കൂടിയാണ്. മൂന്ന് വർഷം മികച്ച വനിതാ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ആത്മവിശ്വാസം കൈമുതൽ.
ജനുവരിയിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നടന്നപ്പോൾ റഫറിയായ ആദ്യ വനിതയാണ് സലീമ മുകാൻ സംഗ. വനിതാ ലോകകപ്പ് , വിമൻസ് ചാമ്പ്യൻസ് ലീഗ് തുടങ്ങിയ വലിയ ടൂർണമെൻ്റുകളൊക്കെ നിയന്ത്രിച്ച അനുഭവ സമ്പത്തുമായാണ് വരവ്.
2019 വനിതാ ലോകകപ്പിലും 2020 സമ്മർ ഒളിമ്പിക്‌സിലും കളി നിയന്ത്രിച്ച പരിചയവുമായാണ് യോഷിമ യമാഷിതയുടെ ഫിഫ അരങ്ങേറ്റം. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ പ്രവർത്തിച്ച പരിചയവുമുണ്ട്.
ഇവർ മാത്രമല്ല, ബ്രസീലിൽ നിന്ന് ന്യൂസ ബാക്ക് , മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റ്റ് റഫറിമാരും ഖത്തറിലുണ്ട്.