സ്‌കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വർധിച്ചതിനാൽ ക്ലിനിക്കുകളിൽ രോഗികളുടെ തിരക്ക് വർദ്ധിക്കുന്നതായി യുഎഇയിലെ ശിശുരോഗ വിദഗ്ധർ.പകർച്ചപ്പനി തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ രക്ഷിതാക്കളോട് അസ്വാസ്ഥ്യമുള്ള കുട്ടികളെ വീട്ടിൽ നിർത്താനും പൂർണ്ണ സുഖം പ്രാപിച്ചതിന് ശേഷം സ്കൂളിലേക്ക് മടക്കി അയക്കാനും നിർദ്ദേശിച്ചു.
കാലാവസ്ഥയിലെ മാറ്റവും താപനിലയിലെ ഏറ്റക്കുറച്ചിലുകളും രോഗബാധക്ക് കാരണമാണെന്ന് ശുശുരോഗ വിദഗ്ദ്ധർ സൂചിപ്പിത്തു. മാറുന്ന കാലാവസ്ഥ വൈറസുകൾ വ്യാപിക്കുന്നതിന് കാരണമാണെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി, കൊവിഡ് കാലത്തിന് ശേഷം കുട്ടികളുടെ പ്രതിരോധ ശേഷിയിലും മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്.
നിലവിൽ, റിനോവൈറസ്, ഇൻഫ്ലുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസുകളാണ് കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് .പനി ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്. ജലദോഷം, തൊണ്ടവേദന, തലവേദന, പനി എന്നിവ മുതൽ ഛർദ്ദി, അയഞ്ഞ മലം തുടങ്ങിയവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ.
കുട്ടികൾക്ക് പനി, ഛർദ്ദി, വയറിളക്കം, വിട്ടുമാറാത്ത ചുമ, കൈയിലും കാലിലും വായിലും ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ശിശുരോഗ വിദഗ്ദർ വ്യക്തമാക്കി.