തണുപ്പുകാലം എത്തുന്നതോടെ പകര്‍ച്ചപ്പനി മുന്നൊരുക്കങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഖത്തറും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്നും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ ജനങ്ങൾ തയ്യാറാകണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ സൂചിപ്പിച്ചു. കുട്ടികളിലാണ് പകര്‍ച്ചപ്പനി പിടിപെടാന്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
പകരും പനി
ഇന്‍ഫ്ലുവന്‍സ എ, ബി വിഭാഗങ്ങൾ മറ്റുളളവരിേലക്ക് പടരാന്‍ സാധ്യത ഏറെയാണ്. കടുത്ത പനി, ചുമ, തലവേദന, തൊണ്ടവേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ചർദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഗര്‍ഭിണികൾക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. പനിയുളളവര്‍ മാസ്ക് ധരിക്കണമെന്നും കൈകൾ ശുചിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു.
പ്രതിരോധ കുത്തിവയ്പ്പ്
പകര്‍ച്ചപ്പനിയ്ക്ക് മുന്‍കരുതല്‍ എന്ന നിലയിലാണ് ഖത്തര്‍ ആരോഗ്യവകുപ്പ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമിട്ടത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രാഥമിക പരിചരണ കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ബോധവത്കരണത്തിനും തുടക്കമായിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ പകര്‍ച്ചപ്പനിയ്ക്കെതിരെ ജാഗ്രത അനിവാര്യമാണെന്നാണ് മുന്നറിയിപ്പ്.
ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെയുളള കുട്ടികൾ. ഗര്‍ഭിണികൾ, 50 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍പ്പെട്ടവര്‍ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നാണ് പൊതുജന ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദ്ദേശം. രാജ്യത്തെ പ്രാഥമിക ഹെല്‍ത്ത് സെന്‍റര്‍, ഒപി ക്ലിനിക്കുകൾ, ആശുപത്രികൾ തുടങ്ങി എല്ലായിടത്തും പ്രതിരോധ കുത്തിവയ്പ്പിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പനിയെ അകറ്റിനിര്‍ത്താന്‍
മാസ്ക് ഉപയോഗം ശീലമാക്കുക, സാനിറ്റെസറുകൾ ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, ചൂടുളള ഭക്ഷണ പദാര്‍ത്ഥങ്ങൾ കഴിക്കുക. ധാരാളം വെളളം കുടിക്കുക, ഇലക്കറികളും അധികം മധുരമില്ലാത്ത പഴങ്ങളും ഭക്ഷണത്തില്‍ ഉൾപ്പെടുത്തുക, ശുചിത്വം പാലിക്കുക, ശരിയായ ഉറക്കം ഉറപ്പാക്കുക, രോഗികളുമായി സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ പകര്‍ച്ചപ്പനിയെ അകറ്റി നിര്‍ത്താനാകുമെന്നും വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു.