വാഹനത്തിന് ഫാൻസി നമ്പർ വേണമെന്നാണോ നിങ്ങളുടെ ആഗ്രഹം. എങ്കിൽ അതിനായി സുവർണ്ണാവസരമൊരുക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആർടിഎയുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങളുടെ കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും ഫാൻസി നമ്പർ പ്ലേറ്റുകൾ പതിപ്പിക്കാൻ സാധിക്കും.
ആർടിഎയുടെ 75-ാമത് ഓൺലൈൻ ലേലമാണ് സംഘടിപ്പിക്കപ്പെടുന്നത്. ഏപ്രിൽ 22ന് (തിങ്കളാഴ്ച) രാവിലെ 8 മണിക്കാണ് ലേലം ആരംഭിക്കുക. ഇതിന് മുന്നോടിയായുള്ള ലേലക്കാരുടെ രജിസ്ട്രേഷൻ ഇന്ന് ആർടിഎ ആരംഭിച്ചു. ലേലം അഞ്ച് ദിവസം നീണ്ടുനിൽക്കും. സ്വകാര്യ വാഹനങ്ങൾക്കും വിൻ്റേജ് വാഹനങ്ങൾക്കും A-H-I-J-K-L-M-N-O-P-Q-R-S-T-U-V-W-X എന്ന കോഡുകളുള്ള മോട്ടോർ ബൈക്കുകൾക്കുമായി 3, 4, 5 അക്കങ്ങളുള്ള 350 തനത് നമ്പർ പ്ലേറ്റുകളാണ് ഓഫർ ചെയ്യുന്നത്.
ലേലത്തിൽ പങ്കെടുക്കുന്നതിനായി ഓരോ ലേലക്കാരനും ദുബായിൽ ഒരു ട്രാഫിക് ഫയൽ തുറക്കേണ്ടതുണ്ട്. കൂടാതെ ആർടിഎയിൽ 5,000 ദിർഹത്തിൻ്റെ സുരക്ഷാ പരിശോധനയും സമർപ്പിക്കണം.120 ദിർഹം റീഫണ്ട് ചെയ്യാത്ത പങ്കാളിത്ത ഫീസും നൽകണം. ഉമ്മുൽ റമൂൽ, അൽ ബർഷ, ദെയ്‌റ എന്നിവിടങ്ങളിലെ കസ്റ്റമർസ് ഹാപ്പിനസ് സെൻ്ററുകളിലോ ക്രെഡിറ്റ് കാർഡ് വഴിയോ (www.rta.ae) അല്ലെങ്കിൽ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ പണമടയ്ക്കാൻ സാധിക്കും.