ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്റെ പേരിൽ വ്യാജ പ്രമോഷൻ. പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജ പരസ്യങ്ങൾ വിശ്വസിക്കരുതെന്ന് വിമാന കമ്പനി നിർദേശം നൽകി. ഔദ്യോഗിക അക്കൗണ്ടുകളിലൂടെ മാത്രമാണ് പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്താറുള്ളൂ എന്നും ഒമാൻ എയർ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രമോഷനൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. ഒമാൻ എയറുമായി ബന്ധമുണ്ടെന്ന് അവകാശ വാദവുമായി കോംപ്ലിമെന്ററികളും വൻ ഇളവിൽ എയർലൈൻ ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ പറ്റിക്കുന്ന വ്യാജ അക്കൗണ്ടിന്റെ സാന്നിധ്യം എയർലൈൻ അധികൃതർ അടുത്തിടെയാണ് കണ്ടെത്തിയത്.
അതേസമയം അനൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ എയർലൈൻ ടിക്കറ്റ് വിൽപനയോ പ്രമോഷനുകളോ ഒമാൻ എയർ നടത്തുന്നില്ല. എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ omanair. com ഉൾപ്പെടെ പരിശോധിച്ചതിന് ശേഷം മാത്രമേ ടിക്കറ്റുകളും പ്രമോഷനലുകളും സ്ഥിരികരിക്കാവൂ. ഒമാൻ എയർ ഔദ്യോഗികമായി അംഗീകരിക്കാത്ത അക്കൗണ്ടുകളിലേക്ക് വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക ഇടപാടുകളോ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.