ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രവാസലോകം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിന് പിന്നാലെ രാജ്യസ്നേഹം വിളിച്ചറിയിക്കുകയാണ് പ്രവാസികൾ. സമൂഹ്യ മാധ്യമങ്ങളിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും പങ്കുവച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ചരിത്രമുഹൂർത്തം ആഘോഷമാക്കി.
ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രങ്ങളും ഐഎസ്ആർഒയുടെ നേട്ടങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഓരോ സെക്കന്റിലും നിറഞ്ഞുകൊണ്ടിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്നലെ ഉച്ചയ്ക്ക് ശേഷം ടെലിവിഷൻ ചാനലുകൾക്ക് മുമ്പിൽ കണ്ണിമചിമ്മാതെ കാത്തിരിക്കുകയായിരുന്നു പ്രവാസികൾ.
ചാന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ തൊട്ടപ്പോൾ വീടുകളിലും ഓഫീസുകളിലും ഇന്ത്യക്കാർ മധുരം പങ്കിട്ടും പരസ്പരം അഭിനന്ദനം അറിയിച്ചും സന്തോഷം പങ്കുവെച്ചു. ഖത്തറിലെ ഇന്ത്യക്കാർക്ക് അഭിമാനനിമിഷം നേരിട്ടുകാണാൻ ഇന്ത്യൻ എംബസി ട്വിറ്ററിൽ ലൈവ് ലിങ്കുകളും പങ്കുവച്ചിരുന്നു. കൂടാതെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ അശോക ഹാളിൽ ഇന്നലെ രാത്രി നടന്ന ആഘോഷത്തിൽ നിരവധി ഇന്ത്യക്കാരാണ് പങ്കെടുത്തത്.