ഇത്തിഹാദ് റെയിലിൽ ആഡംബര ക്യാബിനുകൾ സജ്ജമാക്കാൻ ഒരുങ്ങി യുഎഇ. ഇറ്റാലിയൻ ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്‌സനാലെയുമായി യുഎഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് ഡെവലപ്പറും ഓപ്പറേറ്ററുമായ എത്തിഹാദ് റെയിൽ കരാർ ഒപ്പിട്ടു. എമിറാത്തി സംസ്‌കാരത്തിനും പൈതൃകത്തിനും ആദരം അർപ്പിക്കുന്ന ഒരു ആഡംബര ട്രെയിൻ അനുഭവമായിരിക്കും വരാൻ പോകുന്നതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം നേരത്തെ തന്നെ ചരക്ക് ഗതാഗതം ആരംഭിച്ചിരുന്നു. യാത്ര ട്രെയിനുകൾ ആരംഭിക്കാൻ ഇരിക്കുന്നതിന് ഇടയിലാണ് പുതിയ പ്രഖ്യാപനം. യുഎഇയിൽ നിന്ന് ഒമാനുമായുള്ള അതിർത്തിയിലേക്കാണ് ആഡംബര ട്രെയിൻ സഞ്ചരിക്കുക. മെസീറയിലൂടെയും ലിവ മരുഭൂമിയിലൂടെയും അതിന്റെ പ്രശസ്തമായ മരുപ്പച്ചയിലൂടെയും ട്രെയിൻ കടന്നുപോകും. കൂടാതെ ജിസിസി റെയിൽവേ പ്രവർത്തനക്ഷമമാകുന്നതോടെ ഇത് വിശാലമായ ജിസിസിയിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി അറേബ്യയിലെ ‘ദി ഡ്രീം ഓഫ് ദി ഡെസേർട്ട്’ പദ്ധതിയും ആഴ്സനാലെയാണ് കരാർ ഏറ്റെടുത്തത്. കമ്പനിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര ആഡംബര ട്രെയിൻ പദ്ധതിയാണിത്.
യുഎഇയിലെ ഇറ്റലി അംബാസഡർ ലോറെൻസോ ഫനാറയുടെ സാന്നിധ്യത്തിൽ ഇത്തിഹാദ് റെയിൽ ഏഴ് കരാറുകളിൽ കൂടി ഒപ്പുവച്ചിരുന്നു. അബുദാബിയിൽ അടുത്തിടെ നടന്ന ദ്വിദിന മിഡിൽ ഈസ്റ്റ് റെയിൽ എക്‌സിബിഷനും കോൺഫറൻസുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കരാറിൽ ഒപ്പുവച്ചത്. ദേശീയ റെയിൽ ശൃംഖലയിലൂടെ യുഎഇയിൽ സാമ്പത്തികവും സാമൂഹികവുമായ വളർച്ച കൈവരിക്കാനുള്ള ഇത്തിഹാദ് റെയിലിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ആഴ്‌സനാലെയുമായുള്ള സഹകരണം എന്ന് ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക് പറഞ്ഞു. പുതിയ അനുഭവം യുഎഇ യിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള സംഭാവന നൽകുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാജ്യത്തിന്റെ വൈവിധ്യമാർന്ന പൈതൃകവും സൗന്ദര്യവും സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പൂർണ്ണമായി കസ്റ്റമൈസ്ഡ് ട്രെയിൻ സഹിതം ആഡംബര ക്രൂയിസ് സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായിരിക്കും യുഎഇ എന്ന് ആഴ്സനാലെ പറഞ്ഞു. അബുദാബി, ദുബായ് എന്നീ കോസ്‌മോപൊളിറ്റൻ നഗരങ്ങളിലൂടെ ഫുജൈറയിലെ പ്രകൃതിദത്ത കേന്ദ്രങ്ങളിലേക്കും ഒമാനിന്റെ അതിർത്തിയിലുള്ള മലനിരകളിലേക്കും ലോകപ്രശസ്തമായ മരുപ്പച്ചകളുള്ള ലിവ മരുഭൂമിയിലേക്കും കടന്നുപോകുന്ന 15 ആഡംബര വണ്ടികൾ ട്രെയിനിലുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
ഇറ്റലിയിലെ പുഗ്ലിയയിലും സിസിലിയിലുമായി സ്ഥിതി ചെയ്യുന്ന പ്രത്യേക ഫാക്ടറികളിൽ ആയിരിക്കും വണ്ടികൾ പൂർണ്ണമായും നവീകരിക്കുക. ഉൽപ്പാദനം, കരകൗശലം, ഓൺബോർഡ് സേവനങ്ങളുടെ ഗുണനിലവാരം, ഇന്റീരിയർ ഡിസൈൻ, എന്നിവ ഇറ്റാലിയൻ ഡിസൈനിൽ ആയിരിക്കുമെന്ന് ആഴ്സനാലെ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിലാണ് ഇത്തിഹാദ് റയിൽ ഉദ്ഘാടനം ചെയ്തത്.