ലോകത്തിലെ എറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2,000 പൈലറ്റുമാരെയും ക്യാബിൻ ക്രൂകളെയും മെക്കാനിക്കുകളെയും റിക്രൂട്ട് ചെയ്യും. അടുത്ത വർഷം വൻ വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ് എയർലൈൻ.
2025 ൽ വിപുലീകരണത്തിന് തയ്യാറെടുക്കുമ്പോൾ എയർലൈൻ അതിൻ്റെ ഫ്ലീറ്റിലേക്ക് 15 വിമാനങ്ങൾ കൂടി ചേർക്കാനും പദ്ധതിയിടുന്നു. ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി വർഷം ഏകദേശം 1,500 മുതൽ 2,000 വരെ ആളുകളെ റിക്രൂട്ട് ചെയ്യാൻ പോകുകയാണ്, ഇത്തിഹാദ് എയർവേയ്‌സിൻ്റെ സിഇഒ അൻ്റൊണാൾഡോ നെവ്സ് പറഞ്ഞു.
കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനവ് കണക്കിലെടുത്താണ് ഇത്തിഹാദ് ഫ്ലൈറ്റുകളുടെയും ഫ്രീക്വൻസികളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോരുന്നത്. അതേസമയം ഇത്തിഹാദ് എയർവേയ്‌സ് കഴിഞ്ഞ വർഷം 143 മില്യൺ യുഎസ് ഡോളർ ലാഭം നേടിയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഈ ലാഭം നേടിക്കൊടുത്തത്. ഇത്തിഹാദിന് 2023ൽ 5.5 ബില്യൺ ഡോളർ വരുമാനം ലഭിച്ചു, 2022ൽ ഇത് 4.9 ബില്യൺ ഡോളറായിരുന്നു.