ദീര്‍ഘകാല അവധിയ്ക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്ക് വളര്‍ത്തുമൃഗങ്ങളേയും പക്ഷികളേയും ഒപ്പം കൂട്ടാന്‍ അവസരമൊരുക്കി ഇത്തിഹാദ് എയര്‍വേസ്. ചെറിയ വളര്‍ത്തുമൃഗങ്ങളെ മാനദണ്ഡങ്ങൾ അനുസരിച്ച് യാത്രാവിമാനത്തില്‍ ഒപ്പം കൊണ്ടുപോകാനാണ് അനുവദിക്കുക.
യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ഇത്തിഹാദിന്‍റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യണമെന്നാണ് പ്രാധാന വ്യവസ്ഥ. യാത്രയോഗ്യമാണെന്ന് മൃഗഡോക്ടര്‍ പത്തുദിവസത്തിനുളളില്‍ നല്‍കിയ സാക്ഷ്യപത്രവും വേണം. മൃഗങ്ങളെ ഒപ്പം കൂട്ടുന്നതിനുളള അന്താരാഷ്ട്ര മാനദണ്ഡങ്ങളും ബാധകമാണെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.
കൂട് ഉൾപ്പടെ വളര്‍ത്തുമൃഗങ്ങളുടേയും പക്ഷികളുടേയും ഭാരം എട്ട് കിലോയില്‍ കൂടാന്‍ പാടില്ല. കുറഞ്ഞത് നാല് മാസം പ്രായമുണ്ടാകണം. കൂടിന് നിര്‍ദ്ദിഷ്ടാനുസരണം വായുസഞ്ചാരവും സുരക്ഷിതത്വവും നിര്‍ബന്ധമാണ്. ചോര്‍ച്ച പാടില്ല.. ജീവികളെ കൂടിന് പുറത്തിറക്കാന്‍ പാടില്ല. മൃഗങ്ങൾക്കും പക്ഷികൾക്കും മൈക്രോ ചിപ്പ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം.
550 ദിര്‍ഹം മുതല്‍ 920 ദിര്‍ഹം വരെയാണ് നിരക്ക് ഈടാക്കുക. സീറ്റിനടിയിലാണ് കൂടുകൾ വയ്ക്കേണ്ടത്. സീറ്റ് ബുക്ക് ചെയ്യണമെങ്കില്‍ പ്രത്യേക നിരക്ക് ഈടാക്കുമെന്നും കൂടിന്റെ വലുപ്പം നിര്‍ദ്ദിഷ്ട അളവില്‍ ആകണമെന്നും ഇത്തിഹാദ് സൂചിപ്പിച്ചു. സാധാരണയായി കാര്‍ഗോ വിമാനങ്ങളിലാണ് വളര്‍ത്തുമൃഗങ്ങളെ അനുവദിച്ചിരുന്നത്.