ആരോഗ്യ ശുശ്രൂഷ രംഗത്ത് നേട്ടം കൊയ്യാൻ ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം’ സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ഗവേഷണ കേന്ദ്രം വരുന്നതോടെ ആരോഗ്യ മേഖലയിൽ ഗവേഷകർക്ക് വലിയ പിന്തുണ നൽകുകയും ചികിത്സാരംഗത്ത് നൂതന കണ്ടുപിടിത്തങ്ങൾക്ക് വഴിയൊരുക്കുമെന്നും ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ അനുമതി നൽകിയത്. രാജ്യത്തെ ആരോഗ്യ ഗവേഷണ സംവിധാനത്തിന്റെ നിലവാരം ഉയർത്തുന്ന ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെ പ്രധാന നാഴികക്കല്ലുകളിലൊന്നാണ് തീരുമാനമെന്നാണ് വിലയിരുത്തുന്നത്. മന്ത്രിസഭാ യോഗത്തിൽ ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി പറഞ്ഞു.
അതേസമയം ആരോഗ്യമേഖലക്ക് ഭരണകൂടം നൽകുന്ന തുടർച്ചയായ പിന്തുണയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഗവേഷണവും ക്ലിനിക്കൽ പരീക്ഷണങ്ങളും പ്രവർത്തനക്ഷമമാക്കുന്നതിന് ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആരോഗ്യ മേഖലയിലെ പരിവർത്തനത്തിന് ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യം വർധിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. ആരോഗ്യപരമായ അപകടങ്ങൾക്കെതിരെ പ്രതിരോധം വർധിപ്പിക്കുമെന്നും അത് ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ ഗവേഷകർക്ക് പിന്തുണ നൽകുന്നതാണ് ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം.