വിമാനയാത്രക്കാരിൽ പലരും ഉന്നയിക്കുന്ന പരാതിയാണ് ലഗേജ് വൈകുന്നുവെന്ന്. എന്നാൽ ഈ പരാതിയ്ക്ക് പരിഹാരമാകുകയാണ്. ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികൾ സ്ഥിരമായതിനെത്തുടർന്നാണ് കേന്ദ്ര ഇടപെടൽ.
വിമാനം ഇറങ്ങി അരമണിക്കൂറിനുള്ളിൽ ചെക്ക്ഡ് ഇൻ ലഗേജ് യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ സുരക്ഷാ വിഭാഗമായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്.
വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണം. തുടർന്ന് മുഴുവൻ ചെക്ക്ഡ് ഇൻ ലഗേജും 30 മിനിറ്റിനുള്ളിൽ യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്നാണ് നിർദേശത്തിൽ പറയുന്നു. ഫെബ്രുവരി 26നകം ഇത് നടപ്പാക്കണമെന്നും സിവിൽ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കത്തിൽ പറയുന്നു. മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് ഉപകാരപ്പെടുമെന്നും നിർദേശത്തിൽ പറയുന്നു.