വമ്പൻ താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ട് കിരീടത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ലോകകപ്പ് ടൂർണമെൻ്റിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിന് എതിരാളി ഇറാൻ ആണ്. ഇത്തവണ ലോകകപ്പിനുള്ള ഏഷ്യൻ ടീമുകളിൽ ഉയർന്ന റാങ്കു നേടി ആദ്യം യോഗ്യത ഉറപ്പിച്ച രാജ്യമാണ് ഇറാൻ. കൂടാതെ ടീമിനൊപ്പം മുൻ പരിശീലകൻ കാർലോസ് കുയ്റോസ് തിരിച്ചെത്തിയതോടെ ഇരട്ടി ആത്മവിശ്വാസത്തോടെയാണ് ഇറാൻ്റെ വരവ്. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ സമയം 6.30ന് പന്തുരുണ്ടു തുടങ്ങും.
പതിവുപോലെ വമ്പൻ താരങ്ങൾക്ക് ഇംഗ്ലണ്ട് ടീമിൽ ഇക്കുറിയും ഒരു കുറവും ഇല്ല. ഗോൾ രാജാവ് ഹാരി കെയ്‌ൻ തൊട്ട് ബുകയോ സാക, സ്റ്റർലിങ്, ഫിൽ ഫോഡൻ, ഗ്രീലിഷ്, റഷ്ഫോഡ് എന്നിവർ അടങ്ങിയ മുൻനിരയ്ക്ക് കരുത്തു പകരാൻ മാഡിസനും ഡെക്ലാൻ റൈസും മേസൻ മൗണ്ടും അടങ്ങിയ മധ്യനിരയുമുണ്ട്. ജൂഡ് ബെല്ലിങ്ഹാം കൂടി വരുന്നതോടെ ഇറാനെതിരെ വിജയം ഉറപ്പിക്കുകയാണ് ഇംഗ്ലണ്ട്.
ലോകകപ്പിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച ഏഷ്യൻ ടീമായ ഇറാൻ സൗത്ത് കൊറിയയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമത്തെത്തിയിരുന്നു. ഈ ഫോം തന്നെയാണ് ഇത്തവണത്തെ പ്രതീക്ഷ. ഏഴു വർഷത്തോളം ടീമിനെ പരിശീലിപ്പിച്ച കുയ്റോസിൻ്റെ പിന്തുണയും “ഇറാനിയൻ മെസ്സി” എന്നറിയപ്പെടുന്ന ലെവർകൂസൻ താരം സർദാർ അസ്‌മോനും ഒക്കെ ചേർന്ന് കൊമ്പന്മാരെ തറ പറ്റിക്കാമെന്ന എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇത്തവണ ഇറാൻ ലോകകപ്പിന് എത്തിയിരിക്കുന്നത്. കറുത്ത കുതിരകൾ ആവാൻ കരുത്തുള്ള ഇറാൻ്റെ മുൻനിര ഇംഗ്ലണ്ടിൻ്റെ പ്രതിരോധ നിരയ്ക്ക് മേൽ തലവേദനയാകുമെന്ന് ഉറപ്പാണ്.